
ദില്ലി: അപകടത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കൾ അറസ്റ്റിലായി. ദില്ലിയിലാണ് സംഭവം. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാൾ മരിച്ചതും എന്ന് പൊലീസ് പറഞ്ഞു.
വിവേക് വിഹാർ പ്രദേശത്തെ അടിപ്പാതയിലാണ് യുവാക്കൾ മൃതദേഹം ഉപേക്ഷിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ യുവാക്കൾ തയ്യാറായില്ല. മരിച്ച ശേഷം മൃതദേഹം അതേ ഓട്ടോയിൽ കൊണ്ടുപോയി വഴിയിലുപേക്ഷിക്കുകയായിരുന്നു. ഈ മൂന്ന് പേരിൽ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അതിനിടെ, ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന വാര്‍ത്ത ബംഗളൂരുവില്‍ നിന്ന് പുറത്തുവന്നു. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു.