
കോഴിക്കോട്: മുക്കം മണാശേരി ഇരട്ട കൊലപാതക കേസിലെ പ്രതി ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ മണാശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷ സംവിധാനത്തിലായിരുന്നു തെളിവെടുപ്പ്. അമ്മ ജയവല്ലിയെയും വാടക കൊലയാളി ഇസ്മയിലിനെയും ഈ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയെന്ന പ്രതിയുടെ മൊഴി കണക്കിലെടുത്താണ് ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയത്.
അതേസമയം ബിര്‍ജുവിന്റെ ഭാര്യയെ അടുത്ത ദിവസം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് വിളിച്ചുവരുത്തുക. സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് വിളിച്ച് വരുത്തുന്നത്. പങ്കില്ലെങ്കില്‍ മാപ്പ് സാക്ഷിയാക്കാനാണ് പൊലീസ് നീക്കമെന്നാണ് സൂചന.
2017ലായിരുന്നു ചാലിയത്തുനിന്നും മുക്കത്തുനിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഈമാസം 16ന് പ്രതി ബിർജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തുക്കള്‍ കൈക്കലാക്കാൻ ഇസ്മയിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മ ജയവല്ലിയെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ജയവല്ലിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുവെന്ന് ബിര്‍ജു പൊലീസിനോട് സമ്മതിച്ചിരുന്നു.
Read More: ക്രൂരമായ കൊലപാതകം, ശരീരഭാഗങ്ങള്‍ കോഴിക്കോട്ടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍
ഇസ്മയിലിന്റെ ഫിംഗര്‍പ്രിന്റുകള്‍ പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നും ചാലിയം കടപ്പുറത്തു നിന്ന് ലഭിച്ച കയ്യിലെ ഫിംഗര്‍ പ്രിന്റുമായി ഒത്തുവന്നതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. അമ്മയുടെ കൊലപാതകത്തിനു ശേഷം ഇസ്മയില്‍ നിരന്തരമായി പണത്തിനായി ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് അയാളെയും കൊല്ലുന്നതിലേക്ക് എത്തിച്ചതെന്നും ബിര്‍ജു ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.കൊലപാതകത്തിനു ശേഷം ബിര്‍ജു തമിഴ്നാട്ടിലേക്കു കടന്നു. പിന്നീട് ലഭിച്ച വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് തമിഴ്നാട്ടിലെത്തിയെങ്കിലും ബിർജുവിനെ പിടിക്കാനായില്ല. രേഖാചിത്രം തയ്യാറാക്കി അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണു പ്രതി മുക്കത്ത് നിന്ന് അറസ്റ്റിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam