സാമ്പത്തിക തട്ടിപ്പ് കേസുകള്‍; സനുമോഹനെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് എത്തിയേക്കും

By Web TeamFirst Published Apr 21, 2021, 2:45 AM IST
Highlights

കുറ്റബോധങ്ങളൊന്നുമില്ലാതെയാണ് സനുമോഹൻ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ കൈയില്‍ വിലങ്ങുമായെത്തിയത്. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനു മോഹൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സനുമോഹന്‍റെ ഉള്ളിൽ ഇത്രയും നിഗൂ‍ഡതകളുണ്ടെന്ന് ഇവർക്കാർക്കും അറിയില്ലായിരുന്നു

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ അച്ഛൻ സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പതിമൂന്നുകാരിയായ വൈഗയെ കൊല്ലാൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമായിരുന്നു തെളിവെടുപ്പ്. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ ഭാര്യയെ ഒപ്പം നിർത്തി സനുമോഹനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

കുറ്റബോധങ്ങളൊന്നുമില്ലാതെയാണ് സനുമോഹൻ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ കൈയില്‍ വിലങ്ങുമായെത്തിയത്. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനു മോഹൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സനുമോഹന്‍റെ ഉള്ളിൽ ഇത്രയും നിഗൂ‍ഡതകളുണ്ടെന്ന് ഇവർക്കാർക്കും അറിയില്ലായിരുന്നു.

ഫ്ലാറ്റിന് സമീപത്തുള്ള എച്ച്എംടി റോഡിൽ സനുമോഹൻ ഉപേക്ഷിച്ച മൊബൈൽ ഫോണിനിയി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും.

മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സനുവിന്‍റെ വാദം സത്യമാണോയെന്ന് കണ്ടെത്തുകയാണ് പ്രധാനം. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ. ഇന്നലെ ദീർഘനേരം ചോദ്യം ചെയ്തെങ്കിലും മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ലക്ഷ്യമെന്ന കാര്യത്തിൽ സനുമോഹൻ ഉറച്ച് നില്‍ക്കുകയാണ്. സനു മോഹന്‍റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് കൊച്ചി ഡിസിപി മുംബൈയിൽ തുടരുകയാണ്.

കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായ സനുമോഹനെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസും കൊച്ചിയിലെത്തിയേക്കും. നിലവിലെ അന്വേഷണത്തിൽ പൊലീസിനെ വട്ടം കറക്കുന്നത് വൈഗയുടെ ആന്തരിക അവയവങ്ങളുടെ റിപ്പോർട്ടാണ്. വൈഗയുടെ രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

click me!