
കടയ്ക്കല്‍: കടയ്ക്കലില്‍ ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ അംഗങ്ങള്‍ കൂടിടായ സഹോദരങ്ങൾക്ക് ഏഴരവര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും. കൊല്ലം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കടയ്ക്കൽ ആയിരികുഴി സ്വദേശി വിജയകുമാറിനെ ആണ് പ്രതികളായ ബിജോയ്, സഹോദരൻ ബിനോയ് എന്നിവര്‍ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2014 ഫെബ്രുവരി 26ാം തിയതിയായിരുന്നു സംഭവം. വിജയകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറിലെത്തിയ സംഘം ഇയ്യാളെ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.
വടിവാളും വെട്ടുകത്തിയു ഉപയോഗിച്ചായിരുന്നു ആക്രമണം. വെട്ടുകൊണ്ട വിജയകുമാർ തൊട്ടടുത്ത വീട്ടിൽ ഓടിക്കയറി പിന്നാലെ എത്തിയ ബിനോയ് വിജയകുമാറിനെ വീട്ടിനുള്ളിലിട്ടും വെട്ടി. അഞ്ചു പ്രതികളും 23 സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത്.
കേസന്വേഷണം നടക്കുമ്പോൾ തന്നെ കൃത്യത്തിൽ പങ്കെടുത്തതായി കണ്ടെത്താൻ കഴിയാതെ രണ്ടു പേരേ കേസിൽനിന്ന് ഒഴുവാക്കിയിരുന്നു. മൂന്നാംപ്രതിയായ അച്ചു കുറ്റക്കാരനല്ല എന്ന് കണ്ട് കോടതി വെറുതേവിടുകയും ചെയ്തു. വിരമിച്ച എസ്ഐയും ബിജെപിയുടെ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന രവിന്ദ്രനെ വധിച്ച കേസിലും ഒന്നും രണ്ടും പ്രതികളാണ് ബിജോയും ബിനോയിയും.