
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിനെ കൊലപ്പെടുത്തിയത് കൃത്യമായ പദ്ധതിയിട്ടെന്ന് മുഖ്യപ്രതി ഇർഷാദിന്‍റെ മൊഴി. ദിവസങ്ങൾക്ക് മുമ്പ് കത്തി വാങ്ങിവച്ചെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഇർഷാദ് വെളിപ്പെടുത്തിയത്. അതിനിടെ കേസിലെ രണ്ട് പ്രതികളെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ മാസം 23 ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഓഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടത്. യൂത്ത് ലീഗ് പ്രദേശിക നേതാവ് ഇർഷാദടക്കം മൂന്ന് പേരാണ് മുഖ്യപ്രതികൾ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായ എൽഡിഎഫിന്‍റെ ആഹ്ലാദ പ്രകടനവും തുടർന്നുണ്ടായ സംഘർഷങ്ങളുടേയും തുടർച്ചയാണ് കൊലപാതകമെന്ന് തന്നെയാണ് മുഖ്യപ്രതി ഇർഷാദിന്‍റെ മൊഴിയിലൂടെ വ്യക്തമാകുന്നത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് ഇർഷാദ് മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. ആസൂത്രണത്തെക്കുറിച്ച് ഇർഷാദ് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് സംഘം പറയുന്നതിങ്ങനെ. കൃത്യത്തിന് നാല് ദിവസം മുമ്പ് ഇർഷാദ് കത്തി വാങ്ങി സൂക്ഷിച്ചു. ഔഫും കൂട്ടുകാരും വീടിന് മുന്നിലൂടെ പോകുന്നത് നിരീക്ഷിച്ച് തക്കം പാർത്തിരുന്നു. അവസരം ഒത്തുവന്ന ദിവസം തടഞ്ഞു നിർത്തി കൂത്തിക്കൊലപ്പെടുത്തി.
എന്നാൽ ഇർഷാദിന് തലക്ക് പരിക്കേറ്റതെങ്ങനെയെന്നതിനെക്കുറിച്ച് ഇനിയും അന്വേഷണ സംഘത്തിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. അതിനിടെ കൊലയാളി സംഘത്തിൽ ഉൾപ്പെടെ എംഎസ്എഫ് നേതാവ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ഉന്നത ഗൂഢാലോചനയുണ്ടോയെന്നും തുടരന്വേഷണത്തിലേ വ്യക്തമാകൂവെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam