ഹാരിസിന്റെ ദുരൂഹ മരണം: ഷൈബിനെതിരെ പ്രത്യേക കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഉടൻ

Published : May 20, 2022, 08:55 AM IST
ഹാരിസിന്റെ ദുരൂഹ മരണം: ഷൈബിനെതിരെ പ്രത്യേക കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഉടൻ

Synopsis

ഷൈബിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്‍റെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിനു പിന്നിലും ഷൈബിന്‍ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. 

കോഴിക്കോ‌ട്: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ്സ് പങ്കാളി, കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്‍റെ ദുരൂഹ മരണത്തിൽ പ്രത്യേക കേസെടുക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ഹാരിസിനെ ഷൈബിൻ ആണ് കൊന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മെഡിക്കൽ കോളേജ് എസി പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി എടുത്തു.

ഷൈബിനെതിരെയുള്ള മൊഴികളും നാട്ടുവൈദ്യൻ കേസിൽ പിടിയിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലെ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഹാരിസിൻ്റെ ദുരൂഹമരണം അന്വേഷിക്കാനുള്ള തീരുമാനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്കുശേഷം ഇന്നുണ്ടാകാനാണ് സാധ്യത. 2020 ല്‍ അബുദാബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. 

കൂടത്തായ് കേസിന് സമാനമായ രീതീയില്‍ ഷൈബിന്‍ അഷ്റഫ് കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അന്വേഷണമത്രയും ഇപ്പോഴും ചുറ്റിത്തിരിയുന്നത് മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍റ കൊലപാതകത്തില്‍ തന്നെയാണ്. ഷൈബിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്‍റെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിനു പിന്നിലും ഷൈബിന്‍ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. 

ഹാരിസിനെയും യുവതിയെയും ഷൈബിന്‍റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പിടിയിലുളള നൗഷാദ് അടക്കമുളള പ്രതികള്‍ വെളിപ്പെടുത്തുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. വിവിധ ജില്ലകളിലും കര്‍ണാടക, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലുമായ നടന്ന കുറ്റകൃത്യങ്ങളായതിനാല്‍ മലപ്പുറം പൊലീസിന് മാത്രമായി അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. 

പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം; റീപോസ്റ്റ്‌മോർട്ടം വേണമെന്ന് ആവശ്യം

തന്നെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് ഹാരിസ് കൃത്യമായ വിവരം പൊലീസിന് നല്‍കുകയും പൊലീസ് ഈ സംഘത്തെ പിടകൂടുകയും ചെയ്തിട്ടും പിന്നീട് കാര്യമായ അന്വേഷം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്‍റെ കുടുംബം പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഹാരിസ് പരാതിയുടെ തെളിവുകളും ഇവര്‍ പുറത്ത് വിട്ടു. ഒടുവില്‍ സ്വയരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. 

നിലമ്പൂർ കൊലക്കേസ് പ്രതിക്ക് മറ്റൊരു മരണത്തിലും പങ്ക് ? മകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബത്തേരി സ്വദേശി

ബത്തേരി സ്റ്റേഷനിലെ മുന്‍ എസ്ഐ സുന്ദരന്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥരും ഷൈബിന്‍റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്ന വിവരങ്ങള്‍കൂടി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ