പോലൂരിലെ ദുരൂഹ മരണം: ചിത്രം വഴിത്തിരിവായില്ല, കാണാതായവരെകുറിച്ച് അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 18, 2020, 1:08 AM IST
Highlights

പോലൂരില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ചയാളെ തിരിച്ചറിയാനായി പുതിയ മാര്‍ഗ്ഗങ്ങളുമായി ക്രൈംബ്രാഞ്ച്. മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാണാതായ മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കും

കോഴിക്കോട്: പോലൂരില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ചയാളെ തിരിച്ചറിയാനായി പുതിയ മാര്‍ഗ്ഗങ്ങളുമായി ക്രൈംബ്രാഞ്ച്. മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാണാതായ മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കും. ഫേഷ്യല്‍ റിക്രിയേഷന്‍ സംവിധാനത്തിലൂടെയുണ്ടാക്കിയ ചിത്രം ആന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

2017 സെപ്തംബർ 14നാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം മുഖം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോലീസും ക്രൈംബ്രാഞ്ചും കൂടി  അന്വേഷിച്ചിട്ടും മരിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഇതോടെ സംസ്കരിച്ചിടത്തുനിന്നും തലയോട്ടി പുറത്തെടുത്ത് ഫേഷ്യല്‍ റിക്രിയേഷന്സംവിധാനമുപയോഗിച്ച് മുഖചിത്രമുണ്ടാക്കി പരസ്യപ്പെടുത്തി. 

സംസ്ഥാനത്താദ്യമായാണ് ഈ സംവിധാനം കുറ്റാന്വേഷണത്തിനുപയോഗിക്കുന്നത്. മുഖചിത്രവുമായി സാമ്യം തോന്നുന്ന ആളുകള്‍ കാണാതായിട്ടുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ നിര്‍ദ്ദേശം. നാലുപേരുടെ വിവരം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ ഇവരാരും മരിച്ചിട്ടില്ലെന്ന് വ്യക്തമായി. 

ഇതോടെയാണ് സംസ്ഥാനത്ത് 2017 ഓഗസ്റ്റുമുതല്‍ കാണാതായവരെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുഴുവനാളുകളുടെയും വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി. ഈ പരിശോധനയിലൂടെ മരിച്ചയാളെകുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. കൊലപാതകത്തിനുപിന്നില്‍ മയക്കുമരുന്നു സംഘമാണോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

click me!