പൊന്നാമറ്റത്തെ രണ്ട് യുവാക്കളുടെ മരണത്തിലും ദുരൂഹത, ജോളിയുമായി പണമിടപാട്?

By Web TeamFirst Published Oct 9, 2019, 10:42 AM IST
Highlights

ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ സഹോദരൻമാരുടെ മക്കളായ സുനീഷിന്‍റെയും വിൻസന്‍റിന്‍റെയും മരണങ്ങളിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. 

കോഴിക്കോട്: കൂടത്തായിയിൽ മരണങ്ങൾ തുടർക്കഥയായി നടന്ന പൊന്നാമറ്റം തറവാടിന് പിന്നാലെ ആ കുടുംബത്തിലെ മറ്റ് അസ്വാഭാവിക മരണങ്ങളിലും സംശയം ഉയരുന്നു. ജോളി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭർതൃപിതാവ് ടോം തോമസിന്‍റെ സഹോദരൻമാരുടെ മക്കളുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. ടോം തോമസിന്‍റെ ഇളയ സഹോദരൻ അഗസ്റ്റിന്‍റെ മകൻ വിൻസന്‍റ് 2002 ഓഗസ്റ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ടോം തോമസിന്‍റെ മറ്റൊരു സഹോദരൻ ഡൊമിനിക്കിന്‍റെ മകൻ സുനീഷ് 2008-ൽ വാഹനാപകടത്തിൽ മരിച്ചു. ഈ രണ്ട് യുവാക്കൾക്കും ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണ് സംശയമുയരുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് സുനീഷിന്‍റെ അമ്മയും ഡൊമിനിക്കിന്‍റെ ഭാര്യയുമായ എൽസമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

'ഇത് വല്ലാത്ത ട്രാപ്പാണ്, വേറെ ആർക്കും ഈ ഗതി വരരുത്'

ടോം തോമസിന്‍റെ സഹോദരൻ ഡൊമിനിക്കിന്‍റെ മകൻ സുനീഷ് ബൈക്കിൽ സഞ്ചരിക്കവേയാണ് നാട്ടിൽ വച്ച് തന്നെ മരിച്ചത്. വാഹനാപകടത്തിൽ മരിച്ചുവെന്നാണ് തനിയ്ക്ക് വിവരം ലഭിച്ചതെന്ന് അമ്മ എൽസമ്മ പറയുന്നു. മകന്‍റെ മരണത്തിൽ അന്നോ പിന്നീടോ സംശയം തോന്നിയിരുന്നില്ല. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് സുനീഷിന്‍റെ ഡയറി ഞാൻ തുറന്ന് നോക്കി. അതിൽ ഞാനൊരു ട്രാപ്പിൽ പെട്ടിരിക്കുകയാണ് - എന്ന് എഴുതിയിരുന്നുവെന്ന് എൽസമ്മ പറയുന്നു. ഇത്തരമൊരു ട്രാപ്പിൽ വേറൊരാളും പെടരുത്. വേറൊരാൾക്കും ഈ ഗതി വരരുത് എന്ന് ഡയറിയിൽ എഴുതിയിരുന്നതായും എൽസമ്മ വെളിപ്പെടുത്തുന്നു. 

അന്നൊന്നും, എന്തുകൊണ്ടാണ് സ്വന്തം മകനിങ്ങനെ എഴുതിയതെന്ന് അറിയില്ലെന്ന് എൽസമ്മ കരുതുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത് വരെ ജോളിയെ സംശയിച്ചിട്ടില്ല. പക്ഷേ കുടുംബത്തിൽ ഇത്തരമൊരു മരണങ്ങൾ നടന്നത് പലപ്പോഴും ചെറിയ കാലയളവിനുള്ളിലാണ്.

തന്‍റെ മകൻ സുനീഷ് മരിക്കുന്നത് 2008 ജനുവരിയിലാണ്. ടോം തോമസ് മരിക്കുന്നത് 2008 ആഗസ്റ്റിലും. പക്ഷേ അതുപോലെയല്ല തന്‍റെ ഭർതൃസഹോദരൻ ഡൊമിനികിന്‍റെ മകൻ വിൻസന്‍റിന്‍റെ മരണം. വിൻസന്‍റ് മരിക്കുന്നത് ജോളിയുടെ ആദ്യത്തെ ഭർതൃമാതാവ് അന്നമ്മ മരിച്ച് രണ്ട് ദിവസത്തിനകമാണ്. തൂങ്ങി മരിക്കുകയായിരുന്നു വിൻസന്‍റ്. എന്താണ് വിൻസന്‍റിന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അറിയില്ല. അന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഒക്കെ ലഭിച്ചിരുന്നെങ്കിലും അതിലെ ഉള്ളടക്കം എന്താണെന്നും അറിയില്ല.

ജോളി രണ്ടാഴ്ച മുമ്പ് പോലും വീട്ടിൽ വന്നിരുന്നെന്ന് എൽസമ്മ പറയുന്നു. മുൻവശത്ത് കൂടി വരാതെ അടുക്കള ഭാഗത്തു കൂടിയാണ് കയറി വന്നത്. അന്നും ഇന്നും ജോളിയെ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരോടും വളരെ നല്ല പെരുമാറ്റമായിരുന്നു. ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ജോളിയ്ക്കും ഈ മരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയമുയരുന്നത്. രണ്ട് കേസുകളിലും സമഗ്രമായ അന്വേഷണം വേണം. പൊലീസിനെ കണ്ട് പരാതി നൽകാനും തയ്യാറാണെന്നും എൽസമ്മ വ്യക്തമാക്കുന്നു. 

നേരത്തേ ടോം തോമസിന്‍റെ വളരെ അടുത്ത മറ്റൊരു ബന്ധുവും കുടുംബവും സമാനമായ പരാതി നൽകിയതായി വ്യക്തമായിരുന്നു. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ ഈ കുടുംബം പരാതി നൽകിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസിൽ അന്ന് പരാതി നൽകിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോൾ മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഇതിൽ അന്വേഷണം തുടങ്ങി.

Read more at: 'ജോളി വന്ന് പോയ ശേഷം എല്ലാവരും ഛർദ്ദിച്ചു': കുടുംബത്തെ മൊത്തം ഇല്ലാതാക്കാൻ ശ്രമം?

click me!