കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി കൊല്ലാൻ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നൽകിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസിൽ അന്ന് പരാതി നൽകിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോൾ മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഇതിൽ അന്വേഷണം തുടങ്ങി.

ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആദ്യം എല്ലാവർക്കും അവശത അനുഭവപ്പെട്ടപ്പോൾ, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഇതിൽ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നൽകി. അന്ന് പൊലീസ് പരാതി പരിശോധിക്കാൻ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് ഇവർ എല്ലാവരും ഒരുപോലെ മൊഴി നൽകിയിരിക്കുന്നത്. അടുക്കളയിൽ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛർദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലർത്തിയതെന്നാണ് ഇപ്പോൾ കുടുംബാംഗങ്ങൾ സംശയിക്കുന്നത്. 

ആരാണ് മറഞ്ഞിരിക്കുന്നവർ?

പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നൽകിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. നിലവിൽ വിഷം നൽകിയെന്ന് പരാതി നൽകിയ കുടുംബത്തിലെ അംഗങ്ങൾ മരിച്ചാൽ അവരുടെ സ്വത്തുക്കൾ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാർക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്‍ധ്യം ഉള്ളത് മനസ്സിലാക്കി മറ്റാരോ ക്വട്ടേഷൻ നൽകി. അതനുസരിച്ച് ജോളി, വന്ന് ഭക്ഷണത്തിൽ വിഷം കലർത്തി മടങ്ങി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഏത് വർഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നതിൽ ഇനിയും പൊലീസ് പുറത്തു പറയുന്നില്ല. പക്ഷേ, ഷാജുവിന്‍റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആൽഫൈനും മരിക്കുന്നതിന് ശേഷമാണ് ഈ സംഭവം.

പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മൂന്ന് മരണങ്ങളിൽക്കൂടി സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. പക്ഷേ അവയൊന്നും നിലവിൽ പൊലീസിന്‍റെ അന്വേഷണ പരിധിയിലില്ല. അവയൊന്നും വിഷപ്രയോഗങ്ങളുമല്ല. പക്ഷേ, ഇത് പൊലീസിന് നേരിട്ട് പരാതി കിട്ടിയിരിക്കുന്ന കേസാണ്. ഈ സംഭവം നടന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ട്. പൊന്നാമറ്റത്തെ മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതിയിലെ തെളിവുകളാണ് പൊലീസിന് മുന്നിലുള്ളത്. എല്ലായിടത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ ഊർജിതമായ അന്വേഷണം തന്നെ ഇതിൽ പൊലീസ് നടത്തുന്നുമുണ്ട്. 

ആരാണ് ഇത്തരത്തിൽ പരാതി നൽകിയതെന്ന് ഇതുവരെ പൊലീസ് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഇത് വെറും കേസല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജോളിയുടെ ഒപ്പം ഉണ്ടെന്ന് കരുതുന്ന ആരോ ചിലർ ഇപ്പോഴും പൊന്നാമറ്റം കുടുംബത്തിന് അകത്തു തന്നെ മറഞ്ഞിരിപ്പുണ്ട്. ഇവരിലേക്ക് ഈ പരാതി ഒരു കണ്ണിയാകുമെന്നാണ് പൊലീസ് കരുതുന്നത്.

'ടവർ ഡംപ് പരിശോധന'യുമായി പൊലീസ്

അന്വേഷണ സംഘം വിപുലീകരിക്കുന്നതോടെ, കൂടുതൽ വിവരങ്ങൾ സമഗ്രമായി ശേഖരിക്കാനാകും എന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‍പി ഹരിദാസും റൂറൽ എസ്‍പി കെ ജി സൈമണും വടകരയിലെ എസ്‍പി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തുകയാണ്. ആറ് കൊലപാതകങ്ങൾ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കൊലപാതകങ്ങളിലും വിശദമായ ഫൊറൻസിക്, ഫോൺ, സൈബർ രേഖകൾ എന്നിവ പ്രത്യേകം സമഗ്രമായി പരിശോധിക്കും. ഓരോ കേസിലും വെവ്വേറെ എഫ്ഐആറുകൾ തയ്യാറാക്കും.

പ്രതികൾക്കായി ടവർ ഡംപ് എന്ന പരിശോധനാ രീതിയും പൊലീസ് അവലംബിക്കും. ഓരോ പ്രതികളും സംശയിക്കുന്ന സമയങ്ങളിൽ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഈ ലിസ്റ്റിൽ ഉണ്ടാകുക. മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ടവർ ഡംപ് പരിശോധന.