'മരിച്ചത് മാനസികരോഗികൾ, വകമാറ്റിയത് കോടികളുടെ സ്വത്ത്', കരമന ദുരൂഹ മരണങ്ങളിൽ പരാതിക്കാരി

By Web TeamFirst Published Oct 26, 2019, 3:50 PM IST
Highlights

വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് സ്വന്തമാക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നെന്നും പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: കരമനയിലെ ഉമാനഗരം അഥവാ കൂടം എന്ന തറവാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമോഹനും ജയപ്രകാശും മാനസികരോഗികളായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി. ഇത് മറയ്ക്കാൻ അവരുടെ ചികിത്സാരേഖകൾ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നെന്നും പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

20 വർഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍റെ മകൻ ഉണ്ണികൃഷ്ണനും പെടും. ഇതിൽ ഉണ്ണികൃഷ്ണന്‍റെ ഭാര്യയാണ് പ്രസന്നകുമാരി. ഉണ്ണികൃഷ്ണന്‍റെയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്നാണ് വിവരം. എന്നാൽ ഇതിൽ അന്തിമസ്ഥിരീകരണമില്ല. ബെംഗളുരുവിലുള്ള പ്രകാശ് പവർ ഓഫ് അറ്റോർണി എഴുതി നൽകിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പൊലീസിൽ പരാതി നൽകിയത്. 

നേരത്തേ മരിച്ച ഗോപിനാഥൻ നായരുടെ മകൻ ജയമോഹന്‍റെയും സഹോദരപുത്രൻ ജയപ്രകാശിന്‍റെയും മരണത്തിലാണ് ഇപ്പോൾ പ്രസന്നകുമാരി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അവർ മരിച്ചു കിടക്കുമ്പോൾത്തന്നെ സംശയം തോന്നിയിരുന്നതായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റിയെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്തുവിടാതായതോടെ സംശയം തോന്നിയെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോഴും അതിന് മുമ്പും കാര്യസ്ഥൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. ആ ഭൂമി അങ്ങനെ ഭാഗം വയ്ക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നാണ് പ്രസന്നകുമാരി പറയുന്നത്. 

Read more at: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്ന് ബന്ധു

ദുരൂഹതയെന്ന് ക്രൈംബ്രാഞ്ചും

അതേസമയം, ഉമാനഗരം തറവാട്ടിൽ ഏറ്റവും അവസാനം മരിച്ച ജയമോഹന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്‍റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നിൽ വീട്ടിലെ ഒരു കാര്യസ്ഥനാണെന്ന് പരാതിയിലുണ്ട്. രവീന്ദ്രൻ നായർ എന്ന ഈ കാര്യസ്ഥൻ ജയമോഹനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലുണ്ട്. 

റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്‍റെ കീഴിലാക്കിയതിൽ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്‍റെ പേരിലേക്ക് മാറ്റിയതും വ്യാജ വിൽപ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലാണ് കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇവിടെ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. 

ഗോപിനാഥൻനായരുടെ മകനായ ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ചേട്ടന്‍റെ മകനായ ജയമാധവൻ എന്നീ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടുപേരും അവിവാഹിതരാണ്. ഉമാനഗരം എന്ന തറവാട്ടു വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തടുത്ത വർഷങ്ങളിലാണ് ഇവർ മരിച്ചത്. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

2017-ലാണ് ജയമാധവൻ മരിക്കുന്നത്. ഇതിന് മുമ്പാണ് ജയപ്രകാശിന്‍റെ മരണം. ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഈ കുടുംബത്തിന്‍റെ ബന്ധുവായ പ്രസന്നകുമാരി, പൊതുപ്രവർത്തകനായ അനിൽകുമാർ എന്നിവരാണ് ഈ മരണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ഇതിന് ശേഷം ഡിജിപിയുടെ ഓഫീസിന് ഈ പരാതി കൈമാറി. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്വത്ത് കൈമാറിയതിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 

click me!