നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടത് ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനാൽ

By Web TeamFirst Published Aug 22, 2019, 11:54 AM IST
Highlights

നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ വാട്‍സാപ്പിൽ സന്ദേശമയച്ചത് ചാക്കോ ജോണിന് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി. 

കോട്ടയം: ഇതിന് മുമ്പ് രാജ്യത്തുണ്ടായ ദുരഭിമാനക്കൊലക്കേസുകളിലെല്ലാം, വിധി പ്രസ്താവങ്ങളിൽ പലപ്പോഴും അക്രമത്തിന് ഗൂഢാലോചന നടത്തിയ മാതാപിതാക്കളെയും കുറ്റക്കാരായി വിധിച്ചിട്ടുണ്ട്. തമിഴ്‍നാട്ടിലെ കൗസല്യ - ശങ്കർ കേസ് തന്നെ ഉദാഹരണം. കൗസല്യയുടെ അച്ഛനും അമ്മാവനുമടക്കമുള്ളവരെ വധശിക്ഷയ്ക്കാണ് മധുര പ്രത്യേക കോടതി വിധിച്ചത്. എന്നാലിവിടെ, കൃത്യമായി നീനുവിന്‍റെ അച്ഛന് കെവിനെ മകൻ കൊല്ലുമെന്ന വിവരം അറിയാമായിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാനായില്ലെന്ന പഴുതിലൂടെയാണ് ശിക്ഷ ഒഴിവാകുന്നതും, കേസിൽ വെറുതെ വിടുന്നതും.

കെവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ്, നീനുവും കെവിനും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള വിവരം നീനുവിന്‍റെ സഹോദരനും ചാക്കോ ജോണിന്‍റെ  മകനുമായ ഷാനു ചാക്കോ അറിയുന്നത് വിദേശത്തിരുന്നാണ്. തിരികെ വരികയാണെന്നും പ്രശ്നത്തിലിടപെടുമെന്നും ഷാനു അച്ഛന് വാട്‍സാപ്പിൽ സന്ദേശമയച്ചു. 'കുവൈറ്റ് പപ്പ' എന്ന നമ്പറിലാണ് ഷാനു അച്ഛന് സന്ദേശമയച്ചത്. താൻ വരികയാണെന്നും കെവിനെ കൊല്ലുമെന്നും ആ സന്ദേശത്തിൽ ഷാനു പറയുന്നുണ്ട്. 

എന്നാൽ പ്രതിഭാഗത്തിന്‍റെ പ്രധാനവാദം ഇതായിരുന്നു: ഷാനുവിന്‍റെ ഫോണിൽ നിന്ന് കുവൈറ്റ് പപ്പ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നത് അച്ഛന്‍റെ നമ്പറാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ നമ്പറാണെങ്കിൽത്തന്നെ ആ സമയത്ത് ഷാനു സംസാരിച്ചത് അച്ഛനോടാണെന്ന് എങ്ങനെ തെളിയിക്കാനാകും? അച്ഛന് ഈ വിവരം നേരത്തേ അറിയാമായിരുന്നുവെന്ന് എങ്ങനെ അറിയാനാകും? - ഈ ചോദ്യങ്ങൾക്ക് സംശയരഹിതമായി മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. 

ചാക്കോ ജോണിനെ വെറുതെ വിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് കെവിന്‍റെ അച്ഛൻ ജോസഫ് വ്യക്തമാക്കി. വിധി നിരാശാജനകമാണ്. കെവിനെ ലക്ഷ്യമിട്ടവരിൽ ചാക്കോയുമുണ്ട്. ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു. കേസിലെ വിധിക്കെതിരെ മേൽക്കോടതിയിൽ പോകുമെന്നും, നിയമപോരാട്ടം തുടരുമെന്നും പറഞ്ഞ ജോസഫ് ശിക്ഷാ വിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് പറയുന്നു. 

അഞ്ചാം പ്രതിയായ ചാക്കോ ജോണിന് പുറമേ, പത്താം പ്രതി അപ്പുണ്ണി വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റെമീസ് ഷെരീഫ് എന്നിവരെയാണ് കേസിൽ വെറുതെ വിട്ടിരിക്കുന്നത്. സുഹൃത്തായ അനീഷ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് കെവിനെ പ്രതികൾ തട്ടിക്കൊണ്ടുപോകുന്നത്. അനീഷിനെ മർദ്ദിച്ചവശനാക്കി പ്രതികൾ കവലയിലുപേക്ഷിച്ചു. കെവിനെ കൊണ്ടുപോയി മുക്കിക്കൊലപ്പെടുത്തി. 

തിരിച്ചറിയൽ പരേഡിൽ അനീഷ് തിരിച്ചറിയാത്ത പ്രതികളെയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. 

click me!