നവവധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, കെട്ടിത്തൂക്കി; സ്ത്രീധനത്തിന്റെ പേരിലെന്ന ആരോപണവുമായി കുടുംബം

By Web TeamFirst Published Feb 25, 2020, 4:34 PM IST
Highlights

വിവാഹത്തിന് ശേഷം മകളുടെ ഭർത്താവ് മുംബൈയിലേക്ക് പോകുകയും രണ്ട് ലക്ഷം രൂപ കൂടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്രയും തുക സ്വരൂപിക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. 

ബർഹാംപൂർ: ഇരുപത്തിരണ്ട് വയസ്സുള്ള നവവധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കി. ബംഗാളിലെ മാൽഡ ജില്ലയിലെ കലിയാചക് പ്രദേശത്താണ് സംഭവം. 22 വയസ്സുള്ള ജഹനാര ബീബിയെ ആണ് കൊലപ്പെടുത്തിയത്. ഭർത്യവീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനത്തുക കൊടുക്കാതിരുന്നതിനാലാണ് കൊലയെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യയെന്ന് തോന്നിപ്പിക്കാനാണ് കെട്ടിത്തൂക്കിയതെന്നും ഇവർ പറയുന്നു. ദീർഘകാലത്തെ പ്രണയത്തിന് ശേഷം എട്ടുമാസം മുമ്പായിരുന്നു ജഹനാരയുടെയും എസാദ് ഷെക്കിന്റെയും വിവാ​ഹം. 

മുംബൈയിൽ മേസൺ ആയി ജോലി ചെയ്യുകയായിരുന്നു ആസാദ് ഷേക്ക്. കൊല്ലപ്പെട്ട ജഹാനാര ബീബിയുടെ കുടുംബം രേഖാമൂലം നൽകിയ പരാതിയിൽ ഭർതൃമാതാവിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. ഭർത്താവ് എസാദ് ഷെയ്ക്ക് ഓടി രക്ഷപ്പെട്ടു. ഭർതൃമാതാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും മാൽഡ പോലീസ് സൂപ്രണ്ട് അലോക് രാജോറിയ ​​പറഞ്ഞു.
 
“പ്രണയവിവാഹമായിരുന്നുവെങ്കിലും സ്വർണ്ണാഭരണങ്ങളും 40,000 രൂപയും സ്ത്രീധനമായി നൽകിയിരുന്നു. വിവാഹത്തിന് ശേഷം മകളുടെ ഭർത്താവ് മുംബൈയിലേക്ക് പോകുകയും രണ്ട് ലക്ഷം രൂപ കൂടി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്രയും തുക സ്വരൂപിക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. പക്ഷേ എസാദ് അത് ശ്രദ്ധിച്ചില്ല. എസാദിന്റെ അമ്മ ജഹനാരയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ എസാദിന് ആഗ്രഹമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് എസാദ് വീട്ടിൽ തിരിച്ചെത്തി എന്റെ മകളെ ഉപദ്രവിക്കുകയും ചെയ്തു. ജഹനാരയുടെ അമ്മ സബേദ ബേവ പറഞ്ഞു. 

തിങ്കളാഴ്ച രാത്രി എസാദും അമ്മയും ചേർന്ന് എന്റെ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം, ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയായിരുന്നു. പോലീസ് എസാദിന്റെ വീട്ടിലെത്തി ജഹാനാരയെ മാൽഡ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയെത്തിയപ്പോഴേയ്ക്കും മരിച്ചതായി  ‍‍ഡോക്ടർമാർ പറഞ്ഞു”സബേദ ബേവ പറഞ്ഞു. കഴിഞ്ഞയാഴ്ച, മാൽഡ ജില്ലയിൽ നിന്നുള്ള മറ്റൊരു വീട്ടമ്മയായ ജ്യോത്സ്ന മൊണ്ടാൽ (33) എന്ന യുവതിയെ 13 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ വിഷം കൊടുത്ത് കൊന്നതായി ആരോപണമുയർന്നിരുന്നു. 
 

click me!