
തിരുവനന്തപുരം:നെയ്യാറ്റിൻകര പ്രിയംവദ കൊലക്കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയൽവാസിയായ വിനോദ് കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടിൽ സൂക്ഷിച്ചത്. ദുർഗന്ധം വന്നതോടെയാണ് വിനോദിന്‍റെ മകള്‍ കട്ടിലിനടിയിൽ പരിശോധിച്ചത്. ദുർഗന്ധം പരക്കാതിരിക്കാൻ വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചു. ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്
ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്‍റെ ഭാര്യാ മാതാവ് മൊഴി നൽകി. വീട്ടിനുള്ളിൽ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നുവെന്നും ഭാര്യാ മാതാവ് പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ സ്വർണാഭരണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ, ആഭരണങ്ങള്‍ എന്തു ചെയ്തുവെന്ന് പ്രതി പറഞ്ഞിട്ടില്ല. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും പൊലീസിനെ വഴി തെറ്റിച്ചുകൊണ്ടുള്ള മൊഴിയാണ് വിനോദ് നൽകുന്നത്. കൊലക്ക് കാരണം സാമ്പത്തിക തർക്കം എന്നത് കെട്ടുകഥയെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രിയംവദയെ കാണാതായി നാലാം ദിവസമാണ് വീടിന് തൊട്ടടുത്ത് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യ മാതാവിന് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. കശുവണ്ടി തൊഴിലാളിയായിരുന്നു പ്രിയംവദ.
പതിവുപോലെ വ്യാഴാഴ്ച ജോലിക്കിറങ്ങി. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ കിട്ടിയതുമില്ല. ഇതോടെ ബന്ധുക്കള്‍ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുകാരും നാലുദിവസമായി തിരച്ചില്‍ നടത്തുമ്പോഴും അയല്‍വാസിയായ വിനോദ് സംശയങ്ങള്‍ക്ക് ഇടനല്‍കിയില്ല. പ്രിയംവദയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് അന്വേഷിക്കുകയും ചെയ്തു.
ഇതിനിടെയാണ് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് രാവിലെ പൊലീസ് എത്തി വിനോദിനെ കസ്റ്റഡിയിലെടുത്തത്. പള്ളി വികാരിയോട് വിനോദിന്‍റെ ഭാര്യാ മാതാവ് പ്രിയംവദയുടെ തിരോധാനത്തില്‍ ചില സംശയങ്ങള്‍ പറഞ്ഞിരുന്നു. വിനോദിന്‍റെ മകള്‍ വീട്ടിലെ കട്ടിലിന് അടിയില്‍ ഒരു കൈകണ്ടതായ സംശയമാണ് വഴിത്തിരിവായത്. പൊലീസ് അന്വേഷണം ആ വഴിക്ക് നീങ്ങിയതോടെ വിനോദിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രതി കുറ്റ സമ്മതിച്ചു. സഹോദരന്‍ സന്തോഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ജോലിക്ക് ഇറങ്ങിയ പ്രിയംവദയെ അയല്‍വാസിയായ വിനോദ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. മൃതദേഹം ഒളിപ്പിച്ചതില്‍ സഹോദരന്‍റെ പങ്ക് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ രണ്ട് മക്കളും ഭാര്യാമാതാവും കടയില്‍ പോയ സമയത്താണ് കൃത്യം നിര്‍വഹിച്ചത്. വിനോദിന്‍റെ ഭാര്യ വിദേശത്താണ്. പ്രിയംവദയുടെ രണ്ട് പെണ്‍ക്കളും വിവാഹിതരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam