'മുംബൈയിലെ നിര്‍ഭയ': ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം ഉടന്‍

By Web TeamFirst Published Sep 13, 2021, 12:06 AM IST
Highlights

വെള്ളിയാഴ്ച പുലർച്ചെയാണ് മുംബൈയിലെ തെരുവ് കച്ചവടക്കാരിയെ നിർത്തിയിട്ട ടെമ്പോ വാനിൽ ക്രൂരമായി ബലാൽസംഗം ചെയ്തത്. ദില്ലിയിലെ നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ സ്വകാര്യഭാഗങ്ങളിൽ അടക്കം ഗുരുതരമായി പരിക്കേൽപ്പിരുന്നു. 

മുംബൈ: മുംബൈയിൽ നിർത്തിയിട്ട വാഹനത്തിൽ ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് പോലീസ്. പ്രതിക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. മുംബൈയുടെ നിർഭയ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് മുംബൈയിലെ തെരുവ് കച്ചവടക്കാരിയെ നിർത്തിയിട്ട ടെമ്പോ വാനിൽ ക്രൂരമായി ബലാൽസംഗം ചെയ്തത്. ദില്ലിയിലെ നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ സ്വകാര്യഭാഗങ്ങളിൽ അടക്കം ഗുരുതരമായി പരിക്കേൽപ്പിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെ പൊലീസെത്തി ഖാട്കോപ്പറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു. 

സ്വകാര്യഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധംകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. പ്രതിയായ തെരുവ് കച്ചവടക്കാരൻ മോഹൻ ചൗഹാനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുർളയിൽ നിന്നാണ് ഇയാൾ പിടിയിലായത്.സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അതിവേഗം വിചാരണ നടപടികൾ പൂർത്തിയാകുമെന്ന് അറിയിച്ചു. 

ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസും പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മുംബൈ കി നിർഭയ എന്ന അർത്ഥം വരുന്ന #ടാഗ് പ്രതിഷേധം സമൂഹിക മാധ്യമങ്ങളിൽ കനക്കുകയാണ്. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു പെൺമക്കളും മകനുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!