പണം തട്ടിപ്പില്‍ നിത്യാനന്ദയ്ക്കെതിരെ അന്വേഷണവുമായി ഫ്രാന്‍സ്; പാസ്പോര്‍ട്ട് റദ്ദാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം

By Web TeamFirst Published Dec 6, 2019, 1:54 PM IST
Highlights

സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശവാദം ഉയര്‍ത്തുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദയുടെ പാസ്‍പോര്‍ട്ട് റദ്ദ് ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം. 2.85 കോടി രൂപ ഫ്രഞ്ച് പൗരനില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്

ഭുവനേശ്വര്‍: ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശവാദം ഉയര്‍ത്തുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദയുടെ പാസ്‍പോര്‍ട്ട് റദ്ദ് ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം. ഒളിവിലുള്ള നിത്യാന്ദയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കി. 

നിത്യാനന്ദയെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരു സര്‍ക്കാര്‍ ഏജന്‍സികളും സമീപിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ ഭുവനേശ്വറില്‍ വ്യക്തമാക്കി. ഇത്തരം കേസുകളിള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ അന്വേഷണം നേരിടുന്ന ആളുകളെ കൈമാറുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അത്തരമൊരു നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് സന്തോഷമുണ്ടെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി. കേസില്‍ സുവോ മോട്ടോ പ്രകാരം നടപടിയെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കി. 

അതേസമയം 2.85 കോടി രൂപ ഫ്രഞ്ച് പൗരനില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഫ്രാന്‍സ് സര്‍ക്കാര്‍. നിത്യാനന്ദയുടെ അനുയായിയായിരുന്ന ഫ്രെഞ്ച് പൗരനാണ് പരാതിക്കാരന്‍. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചുവെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്. 

click me!