
നോയിഡ: മറ്റൊരു യുവതിയെ കൊലപ്പെടുത്തി സ്വന്തം മരണം കെട്ടിചമയ്ക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും പിടിയില്‍. യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി നോയിഡ പോലീസ് അറിയിച്ചു. കുറ്റാരോപിതയായ സ്ത്രീ ഒരു ടെലിവിഷൻ ഷോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
ഗ്രേറ്റർ നോയിഡയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബധ്പുര ഗ്രാമത്തിൽ താമസിക്കുന്ന പായൽ യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ കൊലപ്പെടുത്തിയ യുവതിയുമായി പായല്‍ ആദ്യം സൗഹൃദം സ്ഥാപിക്കുകയും പങ്കാളിയായ അജയ് താക്കൂറിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടി ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി ഏരിയയിലെ ഒരു മാളിൽ ജോലി ചെയ്തിരുന്നയാളായിരുന്നു. ഇവര്‍ അജയ് താക്കൂറിന്‍റെ പരിചയക്കാരിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരയായ യുവതിയും പായലിന് ഏറെ സാമ്യങ്ങള്‍ ശാരീരികമായി ഉണ്ടായിരുന്നു. ഇതാണ് ഇത്തരം ഒരു കൊലപാതക പദ്ധതി ഉണ്ടാക്കാന്‍ പായലിനെയും കാമുകനെയും പ്രേരിപ്പിച്ചത്.
അജയ് പെണ്‍കുട്ടിയെ പായലിന്റെ വീട്ടിലേക്ക് എത്തിച്ചു. അവിടെ അവളുടെ കഴുത്ത് മുറിക്കുകയും ആസിഡും ചൂടുള്ള എണ്ണയും ഉപയോഗിച്ച് അവളുടെ മുഖം വികൃതമാക്കുകയും ചെയ്തു. പിന്നീട് മൃതദേഹത്തിന് അടുത്ത് ആത്മഹത്യ കുറിപ്പും വച്ചു. പായലിന്‍റെ വീട്ടുകാര്‍ മരണപ്പെട്ടത് പായലാണ് എന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങി. അതേ സമയം പായലും പങ്കാളിയും രക്ഷപ്പെട്ടിരുന്നു.
പായലിന്‍റെ വീട്ടുകാർ ഇത് അവളുടെ മൃതദേഹമാണെന്ന് വിശ്വസിക്കുകയും സംസ്‌കരിക്കുകയും ചെയ്‌തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മരണപ്പെട്ട യുവതിയുടെ വീട്ടുകാര്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ച് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പായലിനെയും അജയെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പായല്‍ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ ഒരു ടിവി സീരിയൽ കണ്ടിരുന്നതായും പങ്കാളിയുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയതായും പായല്‍ പറഞ്ഞതായി കേസ് അന്വേഷിച്ച ദാദ്രി പോലീസ് എഎൻഐയോട് പറഞ്ഞു.
സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കാന്‍ പായലിനെ പ്രേരിപ്പിച്ചത് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇതാണ്. നേരത്തെ ചില വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പായലിന്‍റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്‍റെ കുറ്റബോധത്തില്‍ വലഞ്ഞ പായല്‍ ഒപ്പം കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ തന്‍റെ മരണം കെട്ടിമചയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പായലിനെയും കാമുകന്‍ അജയ് താക്കൂറിനെയും കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഒരു നാടൻ പിസ്റ്റളും അവരില്‍ നിന്നും പോലീസ് കണ്ടെടുത്തു.
മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നയാൾ പൊലീസ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam