
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്. ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. വീട്ടമ്മയുടെ അയൽ വാസിയാണ് ഷാജഹാൻ.
ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്ന് അവർ പറഞ്ഞു. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയാണ്. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ജനിച്ചതെന്നും വീട്ടമ്മ വിവരിച്ചു. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു.
പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam