നാടുകടത്തല്‍ ഉത്തരവ് ലംഘിച്ചു; കുപ്രസിദ്ധ ഗുണ്ട ലാറ സിജു വീണ്ടും അറസ്റ്റില്‍

By Web TeamFirst Published Oct 19, 2020, 6:57 AM IST
Highlights

നിരന്തരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലം ജില്ലയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റ് നാടുകടത്തിയതാണ് സിജുവിനെ. 

കൊല്ലം: നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച് കൊല്ലം ജില്ലയില്‍ പ്രവേശിച്ച കൊടുംക്രിമിനല്‍ ലാറ സിജുവിനെ പൊലീസ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. കൊല്ലം കുമ്മിളില്‍ പാല്‍വണ്ടിയില്‍ ടിപ്പറിടിച്ച ശേഷം ഡ്രൈവറെ കൈയേറ്റം ചെയ്തതിനു പിന്നാലെയാണ് ലാറ സിജു പൊലീസ് പിടിയിലായത്.

രണ്ടു വധശ്രമങ്ങളടക്കം ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കടയ്ക്കല്‍ പുലിപ്പാറ സ്വദേശി സിജു എന്ന ലാറ സിജുവിന്‍റെ പേരില്‍. കാട്ടില്‍ കയറി മാനെ വേട്ടയാടിയതിന്‍റെ പേരില്‍ വനം വകുപ്പ് കേസിലും പ്രതിയാണ് സിജു. നിരന്തരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലം ജില്ലയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റ് നാടുകടത്തിയതാണ് സിജുവിനെ. 

ഈ ഉത്തരവ് ലംഘിച്ചാണ് സിജു കഴിഞ്ഞ ദിവസം വീണ്ടും ജില്ലയില്‍ പ്രവേശിച്ചത്. കുമ്മിളില്‍ പാല്‍ കയറ്റി വന്ന ലോറിയെ മറ്റൊരു വാഹനം ഉപയോഗിച്ച് ഇടിച്ച സിജു ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതോടെയാണ് വീണ്ടും സിജുവിനെ പൊലീസ് വീണ്ടും ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉളളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇതനുസരിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ ക്രിമിനലുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

click me!