
കോട്ടയം: നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി തിരുവനന്തപുരത്ത് അറസ്റ്റിൽ. 50 ലേറെ കേസുകളിൽ പ്രതിയായ ഉണ്ണിയെ മുണ്ടക്കയം പൊലീസാണ് അകത്താക്കിയത്. മുണ്ടക്കയത്തെ കടയിൽ ജൂലൈ മാസത്തിൽ ഉണ്ടായ മോഷണത്തിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി അകത്തായത്.
മുണ്ടക്കയത്തെ തോപ്പിൽ റബ്ബേഴ്സ് എന്ന സ്ഥാപനത്തില്‍ അടുത്തിടെ മോഷണം നടന്നിരുന്നു. കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്നു ഉണ്ണി കൈക്കലാക്കിയത് 85,000 രൂപയും, കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 100 കിലോ കുരുമുളകും, കൊക്കോയും, പിന്നെ 150 കിലോ ഒട്ടുപാലുമാണ്. ആദ്യം മോഷ്ടാവിനെ കുറിച്ച് സൂചനകൾ ഒന്നും പോലീസിന് കിട്ടിയിരുന്നില്ല. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിൽ മോഷണം നടത്തിയത് ഉണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് മോഷണ വസ്തുക്കൾ സൂക്ഷിക്കാൻ ഉണ്ണി നെയ്യാറ്റിൻകരയിൽ വാടകയ്ക്ക് എടുത്തിട്ട വീടും പൊലീസ് കണ്ടെത്തി.
ഈ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഉണ്ണിയെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് എസ് യുവികൾ ഉൾപ്പെടെ മൂന്നു കാറുകളും , ഒരു സ്കൂട്ടറും ഒരു ബൈക്കും മോഷണത്തിലൂടെ ഉണ്ണി സമ്പാദിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പല കാലങ്ങളിലായി മോഷ്ടിച്ച വസ്തുക്കൾ വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഉണ്ണി ഏക്കറു കണക്കിന് കൃഷിഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും മുണ്ടക്കയം പോലീസ് പറയുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ, ആയൂർ എന്നിവിടങ്ങളിലും പൂയപ്പള്ളി,ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലും സമീപകാലത്ത് നടത്തിയ മോഷണങ്ങളെക്കുറിച്ചും ചോദ്യം ചെയ്യലിൽ ഉണ്ണി പൊലീസിനോട് പറഞ്ഞു. തിരുവല്ലം ഉണ്ണിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പാെലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : കാര്‍ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി; ഒരാളെ ഇടിച്ചു തെറിപ്പിച്ചു, 3 പേര്‍ക്ക് പരിക്ക്