
തിരുവനന്തപുരം: വലിയ സദാചാര പ്രസംഗമൊക്കെ നടത്തുന്ന ചില മലയാളികൾക്ക് പക്ഷെ ബസ്സ് യാത്രയ്ക്കിടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പോകുന്ന സ്ഥിതിയുണ്ടെന്ന് വിശദമാക്കുന്നതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിക്രമ സംഭവങ്ങള്‍. എത്ര മൂടി വച്ചാലും ആ വൃത്തികെട്ട സ്വഭാവം മറനീക്കി പുറത്ത് വരും. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ഇത്തരക്കാർ തങ്ങളുടെ പരിപാടി തുടങ്ങും. ഇത് കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്ന് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ലഭ്യമായ കണക്കുകൾ മാത്രം ഒന്ന് പരിശോധിക്കാം.
ജൂൺ 1, 2023: ഇന്ന് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊണ്ടോട്ടി സ്വദേശി മുഹസിലിനെ നാട്ടുകാരും കണ്ടക്ടറും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 27 നും കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്നു. തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോയ ബസ്സിലായിരുന്നു അതിക്രമം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു പരാതിക്കാരി. പിൻ സീറ്റിൽ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പർശിച്ചു എന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടർന്ന് സഹയാത്രികർ പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിച്ചു.
ഇതിനും മൂന്ന് ദിവസം മുൻപ് മെയ് 24 കോഴിക്കോട് വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. സീറ്റില്ലാത്തതിനാൽ, ഡ്രൈവർ പറഞ്ഞതനുസരിച്ച് ബസ്സിന്റെ ഗിയർ ബോക്സിനു മുകളിൽ ഇരുന്ന മൂന്നു പെൺകുട്ടികൾക്ക് നേരെ യാത്രക്കിടെ അയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
മെയ് 22. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മെയ് 21. കെ.എസ്.ആർ.ടി.സി ബസിൽ കുട്ടിയോടൊപ്പം യാത്ര ചെയ്ത സ്ത്രീയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ. ചേർത്തല സ്വദേശി രാജേഷിനെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. ഹരിപ്പാട് പള്ളിപ്പാടുള്ള ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുകയാണ് ഇയാൾ. തിരുവനന്തപുരത്തുനിന്ന് തൃശൂർക്ക് പോയ സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
May 18, 2023: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയ്ക്ക്നേരെ പരസ്യമായി നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കായക്കൊടി സ്വദേശി സവാദ് ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. സിനിമാ പ്രവർത്തക തൃശൂർ സ്വദേശിനി നന്ദിത ശങ്കരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ദേശീയപാതയിൽ അത്താണിയിൽ വച്ചാണ്സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. അങ്കമാലിയിൽ നിന്ന്കയറിയ സവാദ് നന്ദിതയ്ക്ക്നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
ഇത്രയും സംഭവങ്ങൾ ഈ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തതിൽ ചിലത് മാത്രമായിരിക്കാം. ശരിക്കുള്ള കണക്കുകൾ ഇതിലും ഒരു പാട് കൂടുതലായിരിക്കാം. ബസ്സിനുള്ളിൽ വച്ച് ഇത്തരത്തിൽ തന്റെ ശരീരത്തിലേക്ക് നീണ്ടു വരുന്ന കൈകളും മറ്റ് ശരീര ഭാഗങ്ങളും സ്ത്രീകളിൽ ഉണ്ടാക്കുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ പലപ്പോഴും ഉള്ളിലൊതുക്കി സർവ്വംസഹയായി തുടരുന്ന സ്ത്രീകളാണ് നമുക്കിടയിൽ കൂടുതൽ. അവർ ഈ അനീതിക്കെതിരെ പ്രതികരിക്കണമെങ്കിൽ സമൂഹം അവൾക്കൊപ്പം നിൽക്കണം. ഇത്തരം കാമവെറിയൻമാരെ പിടികൂടി നിയമപാലകർക്ക് കൈമാറി ശിക്ഷാ നടപടികള്‍ ഉറപ്പ് വരുത്തിയാല്‍ മാത്രമാകും ഈ പ്രവണതയ്ക്ക് അല്‍പമെങ്കിലും കുറവ് വരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam