കണ്ണൂരിൽ കവർച്ചാ സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച വയോധിക മരിച്ചു

By Web TeamFirst Published Sep 29, 2021, 4:15 PM IST
Highlights

ചെവിയിലെ ആഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പി കെ ആയിഷ ഇന്ന് പുലർച്ചെയാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.

തിരുവനന്തപുരം: കണ്ണൂരിൽ കവർച്ചാ (robbery) സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച വയോധിക (old woman) മരിച്ചു. വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധയെ ഒരാഴ്ചയ്ക്ക് മുമ്പാണ് പുലർച്ചെ മൂന്നംഗ സംഘം വീടിന് വെളിയിൽ നിന്നും ആക്രമിച്ചത്. ചെവിയിലെ ആഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പി കെ ആയിഷ ഇന്ന് പുലർച്ചെയാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. കവർച്ച സംഘത്തെ ഇതുവരെ കണ്ടെത്താൻ കണ്ണൂർ ടൗൺ പൊലീസിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 23 ആം തീയതി പുലർച്ചെ സുബറി നമസ്കാരത്തിനായി എഴുന്നേറ്റ പി കെ ആയിഷ മോട്ടർ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടോ വീടിന്റെ പിന്നിലേക്ക് വന്നു. പൈപ്പ് പൂട്ടിവച്ച നിലയിലായിരുന്നു. അപ്പോഴേക്കും അജ്ഞാത സംഘം എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ചു. കാതിലുള്ള ആഭരണങ്ങൾ പറിച്ചെടുത്ത് സംഘം കടന്നുകളഞ്ഞു. ആക്രമണത്തിൽ എഴുപത്തിയഞ്ചുകാരിയുടെ ചെവി മുറിഞ്ഞു. വാരിയെല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടും ചികിത്സിച്ചു. ഒരാഴ്ച പിന്നിടുമ്പഴേക്കും ആയിഷ മരിച്ചു.

അക്രമിസംഘത്തെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. പുലർച്ചെ ആയിഷ നമസ്കാരത്തിന് എഴുന്നേൽക്കുമെന്ന് അറിയാമായിരുന്ന അക്രമികൾ നേരത്തെ തന്നെ പൈപ്പ് പൂട്ടിവെക്കുകയായിരുന്നു. നാട്ടുകാർ  സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് കവർച്ചയിൽ പങ്കില്ലെന്നാണ് പൊലീസ് അനുമാനം. പ്രദേശത്ത് സിസിടിവി ഇല്ലാത്തതും തിരിച്ചടിയാണ്.

click me!