മനുവിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ; പ്രതികൾ കൊലപാതകം പ്ലാൻ ചെയ്തത് 'ദൃശ്യം' സിനിമ മോഡലിൽ

By Web TeamFirst Published Aug 27, 2019, 11:13 PM IST
Highlights

ദൃശ്യം സിനിമയിലേത് പോലെ പ്രതികൾ മെനഞ്ഞ കഥ പൊളിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കേസിൽ  ഏഴ് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.

ആലപ്പുഴ: ആലപ്പുഴയിലെ പറവൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയില്‍. മനുവിനെ മർദ്ദിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന ജോബിനാണ് ഇന്ന് പിടിയിലായത്. ഇതോടെ കേസിൽ പൊലീസ് പിടികൂടിയവരുടെ എണ്ണം ഏഴായി. ദൃശ്യം സിനിമയിലേത് പോലെ പ്രതികൾ മെനഞ്ഞ കഥ പൊളിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

പറവൂർ സ്വദേശി മനുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ 14 പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കൊല്ലപ്പെടുന്നതിന് മുമ്പ് മനുവിനെ മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്ന പറവൂർ സ്വദേശി ജോബിനെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതികളായ ആറ് പേരും റിമാൻഡിലാണ്. ഇന്നലെ പിടിയിലായ മൂന്നാം പ്രതി ആന്‍റണി സേവ്യറിൽ നിന്നാണ് കൊലപാതക സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് കിട്ടിയത്. കഴിഞ്ഞ 19 ന് രാത്രിയാണ് കാകൻ എന്ന് വിളിക്കുന്ന മനുവിനെ ദേശീയപാതയോട് ചേർന്നുള്ള ബാറിന് മുന്നിൽവച്ച് മർദ്ദിച്ച് അവശനാക്കിയ ശേഷം പറവൂർ ഗലീലിയ കടപ്പുറത്തെത്തിച്ച് കൊലപ്പെടുത്തിയത്. 

കൊല്ലപ്പെട്ട മനുവും കേസിലെ മുഴുവൻ പ്രതികളും കൊടുംകുറ്റവാളികളാണ്. അതുകൊണ്ടുതന്നെ സംഭവ ശേഷം പൊലീസ് അന്വേഷണം പ്രതികൾ സമർത്ഥമായി വഴിതെറ്റിച്ചു. മനുവിനെ കൊന്ന് കടലിൽ കെട്ടിതാഴ്ത്തിയെന്ന് ആദ്യം പിടിയിലായ ഒന്നാം പ്രതി സൈമണും നാലാം പ്രതി പത്രോസും മൊഴി നൽകി. മൃതദേഹം കിട്ടിയില്ലെങ്കിൽ കൊലക്കുറ്റം തെളിയിക്കാൻ പൊലീസിനാകില്ലെന്ന് പ്രതികൾ കണക്കുകൂട്ടി. എന്നാൽ രണ്ടാം പ്രതി ഓമനക്കുട്ടൻ, അഞ്ചാം പ്രതി കൊച്ചുമോൻ എന്നിവർ പിടിയിലായതോടെ കേസന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായി. പിന്നീട്, മനുവിന്‍റെ മൃതദേഹം കടൽതീരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. 

ദൃശ്യം സിനിമയിലേത് പോലെ മൃതദേഹം ഒരിക്കലും കിട്ടാത്ത രീതിയിൽ മറവ് ചെയ്യാനുള്ള പദ്ധതിയായിരുന്നു നാലാം പ്രതി പത്രോസിന്‍റേത്. മനുവിന്‍റെ മൃതദേഹം മറവുചെയ്യാൻ കൂട്ടുപ്രതികളെ കൊണ്ട് ഇയാൾ കടൽ തീരത്ത് കുഴിയെടുപ്പിച്ചു. വലിയ ആഴമുള്ള കുഴി വേണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നു. എന്നാൽ മദ്യലഹരിയിൽ പ്രതികൾ ആഴത്തിൽ കുഴിയെടുത്ത് മൃതശരീരം മറവുചെയ്തു. ഇവർ സ്ഥലത്ത് നിന്ന് പോയ ശേഷം മറ്റൊരിടത്തേക്ക് മൃതദേഹം മാറ്റാനുള്ള പത്രോസിന്‍റെ ശ്രമം ഇതോടെ പൊളിഞ്ഞു. 

ഒന്നാം പ്രതി സൈമൺ കൂടി അറിഞ്ഞുകൊണ്ടായിരുന്നു എല്ലാ ആസൂത്രണവും. മൂന്നാം ദിവസം പിടിയിലായ ഇയാൾ എല്ലാം പൊലീസിനോട് തുറന്നുപറഞ്ഞു. ഇതോടെ അന്വേഷണസംഘത്തിന് മുന്നിലെ ആശയക്കുഴപ്പവും നീങ്ങി. മാസങ്ങൾക്ക് മുൻപ് സൈമണിന്‍റെ സഹോദരനെ വെട്ടിയതിന്‍റെ പ്രതികാരമായി മനുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് പ്രതികളെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

click me!