
തിരുവനന്തപുരം: നടുറോഡില്‍ യുവതിയെ അപമാനിച്ച കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം.രാധാകൃഷ്ണനെ പൊലീസ് പ്രതിചേര്‍ത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി. നടുറോഡിൽ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. വഴിയിൽ തടഞ്ഞു നിർത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്ത കണ്ടോൻമെന്‍റ് പൊലീസ് രാധാകൃഷ്ണനെ പ്രതി ചേർത്തിരുന്നില്ല. ജെ.എഫ്.എം.സി മൂന്നാം കോടതിയിൽ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് രാധാകൃഷ്ണനെതിരെ റിപ്പോർട്ട് നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ), 509 ,294 (ബി) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ വകുപ്പ് ചേർക്കണമോയെന്ന് പൊലീസ് തീരുമാനിക്കും. നിലവിലെ വകുപ്പുകൾ പ്രകാരം 3 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്.
കഴിഞ്ഞ മാസം മൂന്നിനായിരുന്നു സംഭവം. സി.സി ടി.വി പരിശോധകളിൽ സംഭവം വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി ആരംഭിച്ചത്. ആദ്യം നോട്ടീസ് നൽകി എം.രാധാകൃഷ്ണനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ യുവതിയുമായി വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്ന് രാധാകൃഷ്ണൻ മൊഴി നൽകിയിരുന്നു. എന്നാൽ ഒരു പരിചയവുമില്ലാത്ത യുവതിയുമായി സംസാരിക്കുന്നതിന്റെയും ഇവരെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam