
കാസർകോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരാളെകൂടി പ്രതിചേർക്കാൻ സാധ്യത. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ചുമട്ടു തൊഴിലാളിയാണ് പ്രതിസ്ഥാനത്തുള്ളത്. അതേസമയം അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ഇരകളുടെ കുടുംബത്തിന്‍റെ ആരോപണം.
മതിയായ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് നിലവിൽ ഒളിവിൽ താമസിക്കുന്ന ആളെ പ്രതിചേർക്കാൻ അന്വേഷണ സംഘം തീരുമാനം എടുത്തത്. വെളുത്തോളി സ്വദേശിയും പെരിയയിലെ ചുമട്ടു തൊഴിലാളിയുമായ ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മറ്റു പ്രതികളോടൊപ്പം ഇയാളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് കണ്ടെത്തൽ.
ഇയാളുടെ വീടിനടുത്താണ് പ്രതികൾ സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചത്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുക്കുക. ഇതോടെ പ്രതികളുടെ എണ്ണം എട്ടായി ഉയരും. അതേസമയം അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മൊഴി നൽകിയവരെ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തയ്യാറാവുന്നില്ല. വാഹനങ്ങൾ പോകുന്നത് കണ്ടവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നില്ലെന്നാണ് ആരോപണം.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കൽ. പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജൻസിയും സംഘവും മാറി. സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam