
കല്‍പ്പറ്റ: പതിനൊന്ന് കേസുകളില്‍ പ്രതിയായ ഓണ്‍ലൈന്‍ തട്ടിപ്പുകാരനെ വയനാട് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കല്‍പ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സിവില്‍ പൊലീസ് ഓഫീസര്‍ ജിസണ്‍ ജോര്‍ജും വിജയവാഡയില്‍ എത്തിയാണ് ഫാരിസിനെ അറസ്റ്റ് ചെയ്തത്. ഒ.എല്‍.എക്സില്‍ മറ്റൊരാളുടെ കാര്‍ കാണിച്ച് യൂസ്ഡ് കാര്‍ ഷോറൂമുകാരനില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കാവുംമന്ദം സ്വദേശി ഒ.എല്‍.എക്സില്‍ വില്‍പ്പനക്ക് വച്ച കാറാണ് സല്‍മാനുല്‍ ഫാരിസ് സ്വന്തം കാറാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ഇതേ സമയം കാറിന്റെ യഥാര്‍ത്ഥ ഉടമയോട് രണ്ടര ലക്ഷത്തിന് കച്ചവടമുറപ്പിക്കുകയും ചെയ്തു. പണം നല്‍കിയിട്ടും കാര്‍ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന വിവരം മനസിലായതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഡല്‍ഹി, കല്‍ക്കട്ട, വിജയവാഡ എന്നിവിടങ്ങളിലും സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇപ്പോള്‍ വിജയവാഡ ജില്ലാ ജയിലിലുള്ള സല്‍മാനുല്‍ ഫാരിസ് പല തവണയായി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിച്ച ഇയാള്‍ ബോംബെയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്. ഈ കേസുകളില്‍ രണ്ട് മാസത്തിനിടെ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ പുതിയ കേസില്‍ അറസ്റ്റിലായത്.
'സ്ത്രീകൾക്ക് നേരെ ലൈംഗികാധിക്ഷേപം': സൈബർ കോൺഗ്രസിനെ നിലക്ക് നിർത്താൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam