
തിരുവനന്തപുരം: ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം. കടംവാങ്ങിയ പലരിൽ നിന്നും വിനീതിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വഷിക്കുമെന്ന് നെയ്യാർ ഡാം പൊലീസ് അറിയിച്ചു.
ഓൺലൈൻ ഗെയിം കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിന്റെ മനോവിഷമത്തിലാണ് തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയും ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനുമായ വിനീത് ആത്മഹത്യ ചെയ്തത്. കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെ ലക്ഷങ്ങൾ കടം വാങ്ങിയിരുന്നു.
ഓൺലൈൻ വായ്പാസംഘങ്ങളിൽ നിന്നും പണമെടുത്തു. കുടുംബാംഗങ്ങൾ വിവരമറിഞ്ഞതിനെ തുടർന്ന് 15 ലക്ഷത്തോളം രൂപ പലർക്കായി തിരിച്ചുനൽകിയിരുന്നു. മുഴുവൻ തുകയും അടച്ചുതീർക്കാമെന്നും അച്ഛനും സഹോദരനും വാക്ക് നൽകിയിരുന്നു. ഇതിനിടെ ഓൺലൈൻ വായ്പാ കന്പനികളിൽ നിന്നും ചില ഭീഷണി സന്ദേശങ്ങൾ വിനീതിന്റെ ഫോണിലേക്കെത്തിയിരുന്നു. ഇത്തരം ഭീഷണികളുടെ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
പണമാണ് പ്രശ്നം. ആവുന്നതും പിടിച്ചുനിൽക്കാൻ നോക്കി. കഴിയുന്നില്ല എന്നാണ് വിനിത് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയത്. വിദേശത്ത് രണ്ട് വർഷത്തോളം ജോലി നോക്കിയിരുന്ന വിനീത് അഞ്ച് വർഷം മുൻപാണ് ഐഎസ്ആർഒയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറുന്നത്.
ലോക്ക്ഡൌൺ കാലത്താണ് ഓൺലൈൻ റമ്മിയുടെ ചതിക്കുഴിയിൽ വിനീത് അകപ്പെടുന്നത്. പണം നഷ്ടമായതോടെ രണ്ട് മാസം മുൻപ് വീടുവിട്ടിറങ്ങിയിരുന്നു. വിനീതിന്റെ പണം ഇടപാടുകൾ കേന്ദ്രീകരിച്ചും ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam