
സാഗര്‍: മധ്യപ്രദേശിൽ ദളിത് യുവാവിനെ മർദിച്ച് കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. സഹോദരി നൽകിയ അതിക്രമ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമമുഖ്യനും സംഘവും ചേർന്ന് 18കാരനെ കൊലപ്പെടുത്തിയത്. യുവാവിന്റെ വീട് തകർത്ത സംഘം യുവതിയുടെ അമ്മയെയും ആക്രമിച്ചിരുന്നു. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
ദളിത് യുവതിയുടെ പരാതി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം യുവതിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്ക് വഴങ്ങി കേസ് പിന്‍വലിക്കാമെന്ന് യുവതിയുടെ അമ്മ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ വീട്ടില്‍ നിന്ന് മടങ്ങിയ സംഘം ബസ് സ്റ്റോപ്പില്‍വച്ച് 18 കാരനെ കാണുകയും വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. സംഭവത്തേക്കുറിച്ച് അറിഞ്ഞ അമ്മ ബസ് സ്റ്റോപ്പിലെത്തി തര്‍ക്കം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സംഘം ഇവരെയും ആക്രമിക്കുകയായിരുന്നു.
മര്‍ദനത്തില്‍ 18 കാരന്‍ ബോധരഹിതനായി വീഴുകയായിരുന്നു. മര്‍ദനത്തില്‍ കയ്യൊടിഞ്ഞ അമ്മയും സഹോദരിയും ചേര്‍ന്ന് 18കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ബിഎസ്പി നേതാവ് മായവതിയും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും രൂക്ഷമായ വിമര്‍ശനമാണ് ബിജെപിക്കെതിരെ സംഭവത്തില്‍ ഉയര്‍ത്തുന്നത്. ആക്രമണത്തില്‍ ബിജെപിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കമല്‍ നാഥ് ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരു രവിദാസിന്‍റെ സ്മാരകത്തിന് തറക്കല്ലിട്ട അതേയിടത്ത് ഗുരു രവിദാസിന് പിന്തുടരുന്നവര്‍ക്കെതിരെ അതിക്രമങ്ങള്‍ വർധിക്കുന്നുവെന്നാണ് മായാവതി സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. മന്ത്രിയുടെ സ്വന്തം ആളുകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും മായാവതി ആരോപിക്കുന്നു. ബിജെപി ഭരണത്തിന് കീഴില്‍ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മായാവതി പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam