
ഭജന്‍പൂര്‍: ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗില്ലിനെയും ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ ഹര്‍പ്രീത് കൊല്ലപ്പെട്ടിരുന്നു. ബന്ധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മൊഹമ്മദ് സമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മായ കൂട്ടാശി ബിലാല്‍ ഗാനി എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പൊലീസ് വിശദമാക്കി. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബിലാല്‍ ഗാനി അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. സുഭാഷ് വിഹാറിലെ ഭജന്‍പുര മേഖലയില്‍ വച്ചാണ് ഹര്‍പ്രീത് ഗില്ലിനും ബന്ധു ഗോവിന്ദ് സിംഗിനും വെടിയേറ്റത്. 23 കാരനായ സൊഹൈല്‍, മുഹമ്മദ് ജുനൈദ്, 19കാരനായ അദ്നാന്‍ എന്നിവരാണ് കൊലപാതകത്തില്‍ സംശയിക്കുന്ന മറ്റ് പ്രതികള്‍, ഇവർക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബിലാല്‍ ഗാനിയുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച നടന്ന പാര്‍ട്ടിക്ക് ശേഷം പത്തരയോടെ സംഘം ഇരു ചക്രവാഹനങ്ങളില്‍ നഗരം ചുറ്റുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. കയ്യില്‍ പിസ്റ്റളും സംഘം കരുതിയിരുന്നുവെന്നാണ് ദില്ലി പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. പ്രധാന പാതകള്‍ ഒഴിവാക്കി ചെറു റോഡുകളിലൂടെയായിരുന്നു സംഘത്തിന്‍റെ യാത്ര. ഭജന്‍പുര ഭാഗത്ത് എത്തിയപ്പോള്‍ വളരെ ചെറിയ റോഡിലൂടെ കടന്നുവന്ന സംഘത്തിനെതിരെയാണ് ഹര്‍പ്രീത് ഗില്ലും ബന്ധുവും സഞ്ചരിച്ച കാര്‍ വന്നത്.
തെറ്റായ ദിശയില്‍ വന്നതിനേച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ മൊഹമ്മദ് സമീര്‍ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് കാര്‍ യാത്രികര്‍ക്കെതിരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹര്‍പ്രീത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ബന്ധു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam