അവിശുദ്ധ കൂട്ടുകെട്ടുകള്‍; പാലക്കാട് എക്സൈസ് കേസുകള്‍ പാതിവഴിയില്‍

By Web TeamFirst Published Jul 6, 2021, 11:43 PM IST
Highlights

 ആയിരം ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടിയ 8 കേസ്സുകളുണ്ട് കഴിഞ്ഞ നാലുവർഷത്തിനിടെ. ഒന്നുപോലും വിചാരണഘട്ടത്തിലേക്ക് കടന്നിട്ടില്ല. 

പാലക്കാട്: പാലക്കാട്ടെ സ്പിരിറ്റ്- വ്യാജക്കളള് കേസുകളിൽ നിയമ നടപടികളെടുക്കുന്ന കാര്യത്തിൽ എക്സൈസിന് മെല്ലെപ്പോക്ക്. വിവാദമായ തൃത്താല സ്പിരിറ്റ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതൊഴിച്ചാൽ കഴിഞ്ഞ നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പാതിവഴിയിലാണ്. സ്പിരിറ്റ് മാഫിയയുമായുളള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് തുടർനടപടികളെല്ലാം പാതിവഴിയിൽ നിൽക്കുന്നതെന്ന് ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

2020 മെയ് നാല്. പെരുമ്പാവൂരിൽ നിന്ന് സ്പിരിറ്റ് ലോഡുമായി വന്ന പിക്ക് അപ് വാനിൽ സ്പിരിറ്റുണ്ടെന്ന വിവരത്തെ തുടർന്ന് ചാലക്കുടി മുതൽ വടക്കഞ്ചേരി വരെ എക്സൈസ് സംഘം പിന്തുട‍ർന്നു. എന്നാൽ വടക്കഞ്ചേരിയിൽ വച്ച് വാൻ അപ്രത്യക്ഷമാകുന്നു. ഇനിയാണ് ട്വിസ്റ്റ്. രണ്ടുദിവസത്തിനകം ചിറ്റൂരിലെ എക്സൈസ് സംഘത്തിന് വഴിയരികിൽ നിന്ന് ചാലക്കുടി സംഘം പിന്തുടർന്ന പിക് അപ് വാൻ കിട്ടുന്നു.

അതിൽ തവിട് മാത്രമെന്നായിരു്നു വിശദീകരണം.. അതേസമയം അന്നുതന്നെ സ്പിരിറ്റെത്തിച്ച വണ്ടി ഒളിപ്പിച്ച ശേഷം, രൂപസാദൃശ്യമുളള വണ്ടി സ്പരിറ്റ് ലോബി എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെ വഴിയരികിലിട്ടെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. സ്പിരിറ്റും മദ്യവും കടത്തിയ യഥാർത്ഥ വണ്ടിയും ആളെയും പിന്നീട് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടിയിട്ടും എക്സൈസ് സംഘം ഇതന്വേഷിച്ച് പോയതേയില്ല. ഈ സ്പിരിറ്റ് കേസ് അക്ഷരാർത്ഥത്തിൽ തവിടുപൊടിയായി. കഴിഞ്ഞ 4വർഷത്തിനിടെയുളള പ്രധാന സ്പിരിറ്റ് കേസുകളുടെ നിലവിലെ അവസ്ഥ ഇതുപോലെതന്നെയാണ്.

2019 മെയ്മാസം തൃത്താലയിൽ 1000 ലിറ്റർ സ്പിരിറ്രും 1500 ലിറ്റർ വ്യാജകളളും പിടിച്ച കേസ് മാത്രമാണ് നിലവിൽ എക്സൈസ് ക്രംബ്രാഞ്ച് അന്വേഷിക്കുന്നത്. ആയിരം ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടിയ 8 കേസ്സുകളുണ്ട് കഴിഞ്ഞ നാലുവർഷത്തിനിടെ. ഒന്നുപോലും വിചാരണഘട്ടത്തിലേക്ക് കടന്നിട്ടില്ല. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി വീണ്ടും കടത്തിൽ സജീവമെന്നാണ് വിവരം. മധ്യകേരളം കേന്ദ്രീകരിച്ച സ്പിരിറ്റ് ലോബിയാണ് അതിർത്തി മേഖലയിലെ സ്പിരിറ്റ് വ്യാപാരം നിയന്ത്രിക്കുന്ന് നേരത്തെ സ്പിരിറ്റ് കേസിൽ അകപ്പെട്ട ആളുകൾ പറയുന്നു. സ്പിരിറ്റിന്റെ വരവും പോക്കുമെല്ലാം കൃത്യമായി അറിഞ്ഞിട്ടും ലോബിയുടെ സമ്മർദ്ദവും സ്വാധീനവും കൊണ്ടാണ് നടപടികൾ വൈകുന്നതെന്ന് വ്യക്തം.

click me!