സ്വന്തം പിതാവായ വൈദികന് മുന്നില്‍ ഒടുവില്‍ ഷൈനോയുടെ കുറ്റസമ്മതം; എന്തിനായിരുന്നു മോഷണം? വെളിപ്പെടുത്തല്‍

Published : Aug 11, 2022, 11:25 PM IST
സ്വന്തം പിതാവായ വൈദികന് മുന്നില്‍ ഒടുവില്‍ ഷൈനോയുടെ കുറ്റസമ്മതം; എന്തിനായിരുന്നു മോഷണം? വെളിപ്പെടുത്തല്‍

Synopsis

ഏറെ നാളായി വീട്ടിൽ നിന്നും ചെറിയ അളവിൽ കടത്തിയ സ്വർണം തിരികെ വയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിൽ മോഷണം നടന്നെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ചൊവ്വാഴ്ച വൈകിട്ട് ഷൈനോ നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കോട്ടയം: കോട്ടയം ജില്ലയിലെ പാമ്പാടിക്ക് സമീപം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്ന് അമ്പത് പവൻ സ്വർണവും പണവും കവർന്നത് സ്വന്തം മകനാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഞെട്ടി നാടും നാട്ടുകാരും. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് സ്വന്തം വീട്ടിൽ നിന്ന് സ്വർണം കവർന്നത് എന്ന് അറസ്റ്റിലായ ഷൈനോ നൈനാൻ കോശി പൊലീസിനും സ്വന്തം പിതാവായ പുരോഹിതനും മുന്നിൽ കുറ്റസമ്മതം നടത്തി.

ഏറെ നാളായി വീട്ടിൽ നിന്നും ചെറിയ അളവിൽ കടത്തിയ സ്വർണം തിരികെ വയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിൽ മോഷണം നടന്നെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ചൊവ്വാഴ്ച വൈകിട്ട് ഷൈനോ നടത്തിയതെന്നും പൊലീസ് പറഞ്ഞു. വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പൊലീസിന് തുണയായത് പ്രതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്. സംഭവം നടന്ന് ആദ്യഘട്ട പരിശോധനകള്‍ നടത്തിയപ്പോള്‍ തോന്നിയ സംശയങ്ങള്‍ തന്നെ കേസില്‍ വലിയ വഴിത്തിരിവായി മാറി.

മോഷണത്തിന്‍റെ രീതികളില്‍ നിന്ന് വീട്ടിലുള്ള ആരോ അല്ലെങ്കില്‍ വീടിനോട് അത്രയും ബന്ധമുള്ള ആരോ ആണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘത്തിന് സംശയം തോന്നിയിരുന്നു. ഇതോടെ മോഷണ സമയത്ത് വീട്ടിലുള്ളവര്‍ എവിടെയൊക്കെ ആയിരുന്നുവെന്ന് വിശദമായി തന്നെ പൊലീസ് അന്വേഷിച്ചു. ഇതില്‍ നിന്നാണ് സുപ്രധാനമായ ഒരു വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടില്‍ മോഷണം നടക്കുന്ന സമയത്ത്  ഫാദർ ജേക്കബ് നൈനാന്‍റെ മകന്‍ ഷൈനോ നൈനാന്‍റെ മൊബൈല്‍ ഫോണ്‍ 'ഫ്ലൈറ്റ് മോഡില്‍' ആയിരുന്നു.

ഫോണ്‍ 'ഫ്ലൈറ്റ് മോഡില്‍' ഇട്ട് എന്തായിരുന്നു പരിപാടി? സ്വന്തം വീട്ടിലെ മോഷണത്തില്‍ ഷൈനോയെ കുടുക്കിയ ചോദ്യം

ഈ കണ്ടെത്തലാണ് അറസ്റ്റിലേക്ക് അതിവേഗം എത്താന്‍ പൊലീസിന് സഹായകരമായത്. സ്വര്‍ണം സൂക്ഷിച്ച അലമാര പൊളിക്കാതെ താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇതോടെ താക്കോല്‍ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് മോഷ്ടിച്ചയാളിന് നല്ല ബോധ്യമുണ്ടെന്ന് പൊലീസിന് വ്യക്തമായി. വീടിനെ കുറിച്ച് ഇത്രയും ധാരണ ഉറപ്പായും വീട്ടിലുള്ളവര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്നത് അന്വേഷണം സംഘം ഉറപ്പിച്ചു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്.

ഇക്കാര്യത്തെ കുറിച്ചും വ്യക്തമായ അറിവ് മോഷ്ടാവിന് ഉണ്ടായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് ഉറപ്പിച്ചു. പള്ളിയിലേക്ക് എപ്പോള്‍ പോകും, എപ്പോള്‍ തിരിച്ചുവരും എന്നൊക്കെ അറിയുന്നയാള്‍ക്ക് മാത്രമേ കൃത്യമായി ആസൂത്രണം ചെയ്ത് ഇതേ സമയം കവര്‍ച്ച നടത്താന്‍ സാധിക്കൂ. ഇതോടെ എല്ലാ സംശയങ്ങളും ഷൈനോയിലേക്ക് മാത്രം നീണ്ടു. ഇതേസമയം തന്നെയാണ് ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

കോട്ടയത്തെ വൈദികന്‍റെ വീട്ടിലെ മോഷണത്തിൽ വന്‍ വഴിത്തിരിവ്; പുരോഹിതന്‍റെ മകന്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലില്‍ കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ മൊഴി നല്‍കിയിട്ടുമുണ്ട്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഫോറൻസിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണവും വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തന്നെ എത്തി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ