
കോഴിക്കോട്: പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ വീണ്ടും കേസ്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് പുതിയ കേസ്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിന്‍റെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. പെരുവണ്ണാ മൂഴി പൊലീസാണ് സ്വാലിഹിനെതിരെ കേസെടുത്തത്. യുവാവ് ഇപ്പോൾ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ തടവിലാണെന്നാണ് യുവതിയുടെ പരാതി.
അതിനിടെ, കോഴിക്കോട് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഹിബാസ് എന്നിവരാണ് പിടിയിൽ ആയത്. പിടിയിലായവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചവരാണ്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി.
Also Read: ദീപക്കിന്‍റേതെന്ന് കരുതി സംസ്ക്കരിച്ച ഇര്‍ഷാദിന്‍റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കൾക്ക് കൈമാറി
അതിനിടെ, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ ദുബായിലെ രഹസ്യ കേന്ദ്രത്തിലെ പീഡന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇര്‍ഷാദ് വധക്കേസ് പ്രതി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിക്കുന്നത്. അതിനിടെ, ഇന്നലെ വയനാട്ടില്‍ കീഴടങ്ങിയ മൂന്ന് പേരും ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ടവരെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് സ്വാലിഹ് ഉള്‍പ്പെടെയുളള പ്രതികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടരുന്നതിനിടെയാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്. ദുബായില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം മറ്റു ചിലര്‍ക്ക് കൈമാറിയേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു മര്‍ദനം. തടങ്കലില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ മൂന്നു മാസം മുമ്പ് നാട്ടിലെത്തി. ഈ ദൃശ്യങ്ങള്‍ ഒറ്റുകാരെ ഭയപ്പെടുത്താനായി സ്വര്‍ണ്ണക്കടത്ത് സംഘം തന്നെയാണ് പ്രചരിപ്പിച്ചത്. അതേസമയം ഇന്നലെ വയനാട്ടില്‍ കീഴടങ്ങിയ കൊടുവള്ളി സ്വദേശി ഇര്‍ഷാദ്, വൈത്തിരി സ്വദേശി മിസ്ഫര്‍, മേപ്പാടി റിപ്പണ്‍ സ്വദേശി ഷാനവാസ് എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘം പേരാമ്പ്ര കോടതിയില്‍ അപേക്ഷ നല്‍കി.
വൈത്തിരിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത് ഈ മൂന്ന് പേരുള്‍പ്പെടുന്ന സംഘമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇര്‍ഷാദിനെ പുറക്കാട്ടേരി പാലത്തില്‍ വെച്ച് പുഴയില്‍ കാണാതായ അവസാനയാത്രയില്‍ കൊടുവള്ളി സ്വദേശിയായ ഇര്‍ഷാദും ഒപ്പമുണ്ടായിരുന്നുവെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ കേസിലെ പ്രധാന പ്രതിയായ സ്വാലിഹിനെതിരെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam