
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനം. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരന്‍ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മർദ്ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം നടന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
നിറമണ്‍കരയിൽ ഗതാഗത കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് രണ്ട് യുവാക്കള്‍ പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു.
'നിറമണ്‍കരയില്‍ ഗതാഗതകുരുക്കുണ്ടായിരുന്നു. തന്‍റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കി. താന്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തൊട്ടുമുന്‍പിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി മര്‍ദ്ദിച്ചു. 'ബ്ലോക്കിന്‍റെ ഇടയില്‍ കൂടി കയറി പോകടാ' എന്ന് ആക്രോശിച്ച് തന്നെ ഇടിക്കുകയായിരുന്നു'. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു.
ഈ കേസ് അന്വേഷണത്തിലും പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് കേസെടുത്തില്ല.
ബുധനാഴ്ച സി സി ടി വി ദൃശ്യങ്ങള്‍ സഹിതം എസ് എച്ച് ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. ഒടുവിൽ ഇന്ന് രാവിലെ സി സി ടി വി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കരമന പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam