
കല്‍പ്പറ്റ: തിരക്കേറിയ ദേശീയപാതയില്‍ പട്ടാപകല്‍ സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഘട്ടനം നടന്നതിന്റെ ഞെട്ടലിലാണ് മീനങ്ങാടി പാതിരിപ്പാലം പ്രദേശത്തുകാര്‍. ബുധനാഴ്ച രാവിലെയാണ് നാട്ടുകാരുടെ കണ്‍മുന്നില്‍ കാര്‍ അടിച്ച് തകര്‍ത്ത് അതിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം മീനങ്ങാടി പോലീസിന് ലഭിച്ചു.
കൃഷ്ണഗിരിക്കും മീനങ്ങാടിക്കും ഇടയിലുള്ള പാതിരിപ്പാലം എന്ന സ്ഥലത്ത് വെച്ചായിരുന്നു അക്രമം. ഇവിടെ പുതിയ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നുണ്ട്. ഒരുമിച്ച് വരുന്ന രണ്ട് പേരില്‍ ഒരാള്‍ പാലംപണിക്കായി മണ്ണ് കൂട്ടിയിട്ട ഭാഗത്ത് കൂടി കുറച്ചുമാറി പോക്കറ്റ് റോഡിലേക്ക് കയറ്റിയിട്ട ലോറിക്ക് പിറക് വശത്തേക്ക് നടക്കുന്നുണ്ട്. മറ്റൊരാള്‍ ലോറി ഡ്രൈവറുമായി സംസാരിച്ചു നില്‍ക്കുന്നു. പോക്കറ്റ് റോഡില്‍ നിന്ന് വരുന്ന മറ്റു വാഹനങ്ങള്‍ക്ക് പ്രശ്‌നമാകാതിരിക്കാന്‍ ഇടക്കിടെ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് സൗകര്യം ചെയ്തു നല്‍കുന്നതും കാണാം. ദൂരെ മാറി നില്‍കുന്ന ഒരാള്‍ ആക്രമിക്കേണ്ട വാഹനം വരുന്നുണ്ടോയെന്ന് ഇടക്കിടെ ശ്രദ്ധിക്കുന്നതും കാണാം. കുറച്ചു സമയത്തിന് ശേഷം കാര്‍ എത്തിയതും ലോറി കുറകെയിട്ട് തടഞ്ഞു. ഈ സമയം മറ്റുള്ളവര്‍ വടിയും മറ്റുമായി കാറിന്റെ ചില്ല് തകര്‍ക്കുന്നതും പെട്ടെന്ന് കാര്‍ ലോറിയെ ഇടിച്ച് നിരക്കി പോക്കറ്റ് റോഡിലേക്ക് വേഗത്തില്‍ ഓടിച്ചു പോകുന്നതും വളരെ വ്യക്തമായി കാണാം.
"
ശബ്ദം കേട്ടതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ലോറി അതിവേഗത്തില്‍ മീനങ്ങാടി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.മൈസൂരില്‍ നിന്നും കാറില്‍ വരികയായിരുന്ന കോഴിക്കോട് വാവാട് കപ്പലാംകുടി ആഷിഖ് (29), സലീം എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam