ഗായികയെ ബലാത്സംഗം ചെയ്തെന്ന് മന്ത്രിക്കെതിരെ പരാതി; ബന്ധം സഹോദരിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 14, 2021, 1:03 AM IST
Highlights

ജനുവരി 10നാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക  ലൈംഗിക പീഡന പരാതി നൽകിയത്. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് പരാതി.

മുംബൈ: ഗായികയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ കുരുക്കിൽ. കള്ളപ്പരാതിയന്ന് തള്ളിപ്പറഞ്ഞ മുണ്ഡെ ആരോപണമുന്നയിച്ച ഗായികയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ വിവാഹതിനായിരിക്കെയുള്ള ഈ ബന്ധം പോലും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 10നാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക  ലൈംഗിക പീഡന പരാതി നൽകിയത്. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും മുണ്ഡെ തനിക്ക് വാദ്ഗാനം ചെയ്തിരുന്നു. 2006ൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ വന്ന് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടർന്നെന്നുമാണ് പരാതി. 

എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള മന്ത്രിയുടെ വിശദീകരണം ഇങ്ങനെ. 2003 മുതൽ ഈ ഗായികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. ആ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്. ഇതെല്ലാം തന്‍റെ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാം. മക്കളെയും അമ്മയെയുമെല്ലാം താൻ നോക്കുന്നുണ്ടെങ്കിലും രണ്ട് വർഷം മുൻപ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിയായി. വഴങ്ങില്ലെന്ന് കണ്ടതോടെ ഇപ്പോൾ വ്യാജ പരാതി ഉന്നയിക്കുകയാണെന്ന് മുണ്ഡെ കുറിപ്പിൽ പറഞ്ഞു. 

പിന്നാലെ ബിജെപിയുടെ മഹിളാ വിഭാഗം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി. വിവാഹേതര ബന്ധം പ്രതിരോധമായി പറഞ്ഞതും പ്രതിപക്ഷം ആയുധമാക്കി. രണ്ട് ഭാര്യമാരെ ഹിന്ദു സംസ്കകാരം അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു. എൻസിപി നേതൃത്വം വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മരുമകനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകൾ പങ്കജാ മുണ്ഡെയുമായുള്ള തർക്കത്തെ തുടർന്നാണ് ധനഞ്ജയ് 2013ൽ എൻസിപിയിലെത്തുന്നത്.

click me!