ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ, രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

Published : Oct 06, 2019, 11:04 AM ISTUpdated : Oct 06, 2019, 01:21 PM IST
ജോളി ഒറ്റയ്ക്കല്ല, നിരീക്ഷണത്തിൽ 11 പേർ, രാഷ്ട്രീയനേതാവ് ഒരു ലക്ഷം ചെക്കായി നൽകി

Synopsis

കഴിഞ്ഞ ഒരു വർഷത്തെ ഫോൺ രേഖകൾ വിശദമായി പൊലീസ് പരിശോധിച്ചു. ഏറ്റവും കൂടുതൽ ഫോൺവിളികൾ നടന്ന ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. 

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. ഇത് വരെ ചോദ്യം ചെയ്തിട്ടില്ലാത്തവർ ഉൾപ്പടെ 11 പേരിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്. വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയനേതാക്കൾ, കോഴിക്കോട്ടെ രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ച് കഴിഞ്ഞു. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രം തന്നെയാണ് ഇതിന്‍റെ തെളിവ്.

സിസിടിവി ദൃശ്യങ്ങൾ കിട്ടി

ഒരു രാഷ്ട്രീയനേതാവ് ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തിൽ പലരുമായി തോന്നിയ രീതിയിലുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു ചെക്ക് ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. എവിടെ നിന്നാണ് ജോളിയ്ക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന്? എന്നതൊക്കെയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്. 

കഴിഞ്ഞ ഒരു വർഷത്തെ ജോളിയുടെ ഫോൺ രേഖകൾ പൂർണമായും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതിൽ നിരവധി തവണ ഫോൺ ചെയ്ത ഏഴ് പേരെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും. 

പഴയ കേസ് തള്ളിയതെങ്ങനെ?

ജോളിയുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ഒരുങ്ങുകയാണ് പൊലീസ്. പ്രാഥമികമായ പരിശോധന നടത്തിയെങ്കിലും വിശദമായി ആരൊക്കെയാണ് ജോളിയ്ക്ക് പണമയച്ചതെന്നും, ആർക്കാണ് പണം അയച്ചതെന്നുമടക്കമുള്ള എല്ലാ രേഖകളും പരിശോധിക്കും. 

അതേസമയം, പ്രാദേശിക പൊലീസ് പഴയ സ്വത്ത് കേസടക്കം എങ്ങനെയാണ് തള്ളിക്കളഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. വ്യാജ ഒസ്യത്തുണ്ടാക്കി എന്നാരോപിച്ച് നേരത്തേ ജോളിയ്ക്ക് എതിരെ പരാതി പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ നൽകിയതാണ്. 

അന്ന് പക്ഷേ, ഇത് വെറും സ്വത്ത് തർക്കമാണെന്ന് കാട്ടി കേസ് എഴുതിത്തള്ളിയത് താമരശ്ശേരി ഡിവൈഎസ്‍പിയാണ്. എന്തുകൊണ്ട് അന്ന് ഡിവൈഎസ്‍പി അത്തരമൊരു നടപടിയെടുത്തു എന്ന് ഇപ്പോഴും വ്യക്തമല്ല. അതിനാൽ ആ കേസ് എഴുതിത്തള്ളിയതിനെക്കുറിച്ചും, കേസും വീണ്ടും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സ്പെഷ്യൽ ബ്രാ‌ഞ്ചാണ് ഈ കേസ് ഏറ്റെടുക്കുന്നത്. 

തർക്കം രൂക്ഷമായതിന് പിന്നാലെ റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നെത്തി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി, റോയിയുടെ ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കേസിന്‍റെ വിശദാംശങ്ങൾ വിവരാവകാശ രേഖ നൽകി എടുത്തു. ഇതിന് ശേഷമാണ് മരണങ്ങളിൽ സംശയമുയരുന്നത്. ആ സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബത്തിൽ നടന്ന മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്‍പിക്ക് പരാതിയായി നൽകിയത്. 

എന്നാൽ സ്വത്താണ് പ്രശ്നമെങ്കിൽ അത് തിരിച്ച് തരാമെന്ന നിലപാടിലായി ജോളി. ഒസ്യത്ത് തിരികെ നൽകാൻ തയ്യാറായി. പക്ഷേ, ഇതിന് പകരമായി മരണങ്ങളിൽ സംശയം ഉണ്ടെന്ന് കാണിച്ച് പൊലീസിന് നൽകിയ പരാതി പിൻവലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇതോടെ റോജോ അടക്കമുള്ള ബന്ധുക്കളുടെ സംശയം ഇരട്ടിയായി. 

വീട് പൂട്ടി സീൽ ചെയ്തു

ജോളിയുടെ അറസ്റ്റിന് പിന്നാലെ ഷാജു സ്വന്തം സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോയി. പൊന്നാമറ്റം വീട് പൊലീസ് ഇതോടെ മുദ്രവച്ച് പൂട്ടി. ജോളിയുടെ മക്കൾ റോയിയുടെ സഹോദരി റഞ്ജിയോടൊപ്പവും കണ്ണീരോടെ മടങ്ങി. അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും മക്കൾക്ക് അറിയുമായിരുന്നില്ല. ടോം തോമസിന്‍റെ സ്വത്ത് അന്തിമമായി ഭാഗം വച്ച് ഒസ്യത്ത് റജിസ്റ്റർ ചെയ്യേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാൽ അവിടെ നടന്നത് ആ വീട്ടിലെ മരുമകളായിരുന്ന ജോളിയുടെ അറസ്റ്റാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി