നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. എന്നാൽ പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം. ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ. സമ്മർദ്ദം താങ്ങാനായില്ല, ജീവനൊടുക്കി 35കാരി. ബെംഗളൂരുവിലാണ് സംഭവം. ഡെല്ലിൽ ജീവനക്കാരിയായിരുന്ന 35കാരിയായ സുഷമയാണ് ജീവനൊടുക്കിയത്. പുനീത് കുമാറുമായി അഞ്ച് വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. എന്നാൽ പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോപണമാണ് സുഷമയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുളളത്. നിസാര കാര്യങ്ങൾക്ക് കൽപന യുവതിയെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞ് പോയെന്ന പരാതിയിലാണ് ഇരുവർക്കുമിടയിൽ തർക്കം സ്ഥിരമായിരുന്നത്. സംഭവത്തിൽ സുഷമയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്കു. ഒളിവിൽ പോയ കൽപനയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം