ഉത്രയുടെ അന്നത്തെ ആ ഫോണ്‍ കോള്‍ ഇന്ന് തെളിവായി; സത്യം മറനീക്കി പുറത്ത് വന്നതിങ്ങനെ

By Web TeamFirst Published May 24, 2020, 2:25 PM IST
Highlights

കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. 

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ്  കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് തുണയായത് ഉത്രയുടെ തന്നെ ഒരു ഫോണ്‍ കോള്‍. കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇത് മൊഴിയായി ലഭിച്ചതോടെയാണ് പാമ്പ് പിടിത്തക്കാരും സൂരജും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംഘം ഇറങ്ങിത്തിരിച്ചത്.

മരിച്ച ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇതില്‍ നിര്‍ണായകമായത് സൂരജും പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധമാണ്. ആറ് മാസമായി സൂരജിന് ഇത്തരത്തിലുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു. കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്.

ആറ് മാസം ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജിന്‍റെ എല്ലാ പ്രതിരോധവും തകര്‍ന്ന് അവസാനം കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു. പതിനായിരം രൂപയ്ക്കാണ് കൊടുവിഷമുള്ള മൂര്‍ഖനെ സുരേഷിന്‍റെ കൈയില്‍ നിന്ന് സൂരജ് വാങ്ങിയത്. 
 

click me!