
തെലങ്കാന: ബെംഗളൂരുവിൽ ഫോട്ടോഗ്രാഫറെ നടുറോഡിലിട്ട് മർദിച്ച് സ്വർണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ മല്ലികാർജുൻ എന്ന ഫോട്ടോഗ്രാഫറാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഒക്ടോബർ 15-ന് നടന്ന ക്രൂരമായ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഒക്ടോബർ 15-ന് ബെംഗളൂരുവിലെ ജ്ഞാനഭാരതിയിലുള്ള അമ്മ ആശ്രമം റോഡിൽ അരങ്ങേറിയ സിനിമയെ വെല്ലുന്ന ദൃശ്യങ്ങളിലാണ് പൊലീസിന്റെ നടപടി. ഫോട്ടോഗ്രാഫറായ മല്ലികാർജുനയെ അഞ്ചംഗ അക്രമിസംഘം റോഡിലൂടെ ഓടിച്ചിട്ട് പിടികൂടുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജോലി ആവശ്യങ്ങൾക്കായി കണ്ണൂരിൽ പോയി തിരികെ ബെംഗളൂരുവിൽ എത്തിയ മല്ലികാർജുനയെ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ സംഘം വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ക്രൂരമായി മർദിച്ച് കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു.
ആക്രമണത്തിന് ഇരയായ മല്ലികാർജുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജ്ഞാനഭാരതി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. ഗഗൻ, മനോജ്, തേജസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കവർച്ചാ സംഘത്തിൽ ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഒളിവിലുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam