ഓണാഘോഷത്തിനിടെ കൈയില്‍ പിടിച്ചു, ലൈംഗിക ഉദ്ദേശത്തോടെ തൊട്ടു; പിടിഎ പ്രസിഡന്റിനെതിരെ വിദ്യാർത്ഥിനിയുടെ പരാതി

By Web TeamFirst Published Sep 14, 2022, 4:58 AM IST
Highlights

സ്കൂള്‍ പിടിഎ പ്രസിഡന്‍റും സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് ഇയാള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് ഒത്തു കളിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം. പിടിഎ പ്രസിഡന്‍റ് കൂടിയായ കാസര്‍കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി ബാലചന്ദ്രന്‍ എതിരേയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.

സ്കൂള്‍ പിടിഎ പ്രസിഡന്‍റും സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് ഇയാള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് ഒത്തു കളിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി വൈകിപ്പിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഇവര് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരുകോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് 2021 സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്.

മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി കൈലാസിന്‍റെ പണമാണ് കവർന്നത്. ഈ സംഭവത്തിലാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ മാലൂർ സ്വദേശി സിനില്‍ കുമാറിനെ കൊച്ചിയില്‍ നിന്ന് കാസര്‍കോട് പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് സിനില്‍കുമാര്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. സിനിലാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

click me!