
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിൽ (POCSO Case) പ്രതിയായ മുൻ അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം (CPM) നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ശശികുമാറിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു എം എസ് എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു
ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് തവണ മലപ്പുറം നഗര സഭ കൗൺസിലർ ആയിരുന്ന കെവി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലർ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. കെ വി ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചു എന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർത്ഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാരിനെ സിപിഎം പുറത്താക്കിയിരുന്നു.
ഡിഡിഇയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ വിവിധ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സ്കൂളിലേക്കും സ്റ്റേഷനിലേക്കും മാർച് നടത്തി. മലപ്പുറം പാലക്കാട് പ്രധാനപാത ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.
കോഴിക്കോട്ട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ, കിട്ടിയത് മൂന്ന് പരാതികൾ
പോക്സോ കേസിൽ കോഴിക്കോട് മറ്റൊരു അധ്യാപകനും ഇന്ന് അറസ്റ്റിലായിരുന്നു. വയനാട് കൽപ്പറ്റ സ്വദേശിയും കോഴിക്കോട് സ്കൂൾ അധ്യാപകനുമാണ് പ്രതി. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വുഷു പരിശീലകനായ ഇയാൾ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് കിട്ടിയത്.