
കാൻപുർ: പീഡനം നടന്ന് 75ാം ദിവസം വിചാരണ പൂർത്തിയാക്കി പ്രതിക്ക് കനത്ത ശിക്ഷ നൽകി കോടതി. ഉത്തർപ്രദേശിലെ കാൻപുർ നഗർ കോടതി ജഡ്ജിയാണ് കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ജഡ്‌ജ് വിജയ് രാജെ സിസോദിയയുടെ 22 പേജുള്ള വിധിയിൽ പ്രതി ഒടുക്കുന്ന അരലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്കാണെന്ന് വ്യക്തമാക്കുന്നു. ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത ഹീനകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനാൽ കനത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഈ വർഷം ജൂലൈ 27നാണ് സംഭവം നടന്നത്. ബിത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ രാധേയ് ശ്യാം രജ്‌പുത് എന്നയാൾക്കെതിരെ പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മുത്തശിക്കൊപ്പം വയലിൽ മൃഗങ്ങളെ മേയ്ക്കാനെത്തിയ മൂന്ന് വയസുകാരിയെ, വയലിനോട് ചേർന്ന് കെട്ടിയ താത്കാലിക ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. കുട്ടിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോൾ പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഉടൻ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
കേസിൽ 12ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. രണ്ടര മാസം കൊണ്ട് വിചാരണ പൂർത്തിയായി. പെൺകുട്ടി പ്രതിയെ തിരിച്ചറിയുകയും കോടതി മുറിയിൽ സംഭവം വിശദീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതി കുറ്റവാളിയെന്ന് കോടതിക്ക് പൂർണ്ണബോധ്യം വന്നത്. ഒട്ടും താമസിക്കാതെ കോടതി വിധി പ്രസ്താവിക്കുക കൂടി ചെയ്തതോടെ അത് അടുത്ത കാലത്തെ രണ്ടാമത്തെ അതിവേഗ വിധിയായി.
കഴിഞ്ഞ മാസം യുപിയിലെ തന്നെ ഔറേറിയ കോടതിയും പീഡനക്കേസിൽ അതിവേഗ വിധി പുറപ്പെടുവിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് ഒൻപതാം ദിവസമാണ് പീഡനക്കേസ് പ്രതി ശ്യാംവീർ സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടർച്ചയായ എട്ട് ദിവസം വിചാരണ നടന്ന കേസിൽ ഒൻപതാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam