
കോഴിക്കോട്: കൊലപാതക പരമ്പരയില്‍ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. വിദഗ്‍ധ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറൻസിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. ഫോറൻസിക് വിദഗ്‍ധരുടെ സംഘവുമായി ഇന്നലെ ഡിജിപി ചർച്ച നടത്തിയിരുന്നു.
കൂടത്തായി കേസ് തെളിയിക്കുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.
Read Also: കൂടത്തായി കേസ് വെല്ലുവിളി, കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഡിജിപി
രാവിലെ എട്ടരയോടെയാണ് ഡിജിപി പൊന്നാമറ്റത്തെ വീട്ടിലെത്തിയത്. ഐജി അശോക് യാദവ്, ഡിഐജി കെ സേതുരാമന്‍, അന്വേഷണ സംഘത്തെ നയിക്കുന്ന റൂറല്‍ എസ്‍പി കെ ജി സൈമണ്‍ എന്നിവരും ഡിജിപിക്കൊപ്പം ഉണ്ടായിരുന്നു. പത്ത് മിനിറ്റോളം വീടിനുളളില്‍ ചെലവഴിച്ച ഡിജിപി, കേസ് അന്വേഷണത്തിന്‍റെ പുരോഗതി ചോദിച്ചറിഞ്ഞു. താമരശേരി ഡിവൈഎസ്‍പി ഓഫീസിലും സന്ദര്‍ശനം നടത്തിയ ഡിജിപി വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ച് കേസിന്റെ അന്വേഷണ പുരോഗമതി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധനകള്‍ നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും ഡിജിപി പറഞ്ഞു.
Read Also: ജോളിക്ക് ഫോണ്‍ വാങ്ങിനല്‍കിയത് ജോണ്‍സൺ; ഇരുവരും തമ്മില്‍ സൗഹൃദം മാത്രമല്ലെന്ന നിഗമനത്തില്‍ പൊലീസ്
റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ഡിജിപി കേസിന്‍റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. മുഖ്യപ്രതി ജോളിയെ ഡിജിപി ചോദ്യം ചെയ്തെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. റൂറല്‍ എസ്പി ഓഫീസില്‍ ജോളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് ചോദ്യം ചെയ്തിട്ടില്ല.
Read Also: ഷാജുവിനെ കൊല്ലാൻ പദ്ധതിയിട്ടു, ജോൺസണെ വിവാഹം കഴിക്കാനെന്ന് ജോളിയുടെ മൊഴി, ഡിജിപി പൊന്നാമറ്റത്ത്
അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസിനെ ഐപിഎസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. കേരളത്തിലെ പത്ത് എഎസ്‍പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്‍പി ഓഫീസിൽ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ട്രെയിനിംഗിന് എത്തിയവർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam