വിഷം കലർന്ന ഐസ്ക്രീം അബദ്ധത്തിൽ കഴിച്ച സംഭവം; നാലരവയസ്സുകാരന് പിന്നാലെ ഇളയമ്മയും മരിച്ചു

By Web TeamFirst Published Feb 25, 2021, 12:10 AM IST
Highlights

സംഭവത്തിൽ ദൃശ്യയുടെ സഹോദരി വർ‍ഷയെ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പതിനൊന്നിനാണ് സംഭവം നടക്കുന്നത്. ഭർ‍ത്താവുമായുള്ള അകൽച്ചയെ തുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശി വർഷ ഐസ്ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

കാസര്‍കോട്: കാസ‍ർകോട് വിഷം കലർന്ന ഐസ്ക്രീം അബദ്ധത്തിൽ കഴിച്ച് മരിച്ച നാലരവയസ്സുകാരന് പിന്നാലെ ഇളയമ്മയും മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സംഭവത്തിൽ ദൃശ്യയുടെ സഹോദരി വർ‍ഷയെ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി പതിനൊന്നിനാണ് സംഭവം നടക്കുന്നത്. ഭർ‍ത്താവുമായുള്ള അകൽച്ചയെ തുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശി വർഷ ഐസ്ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പകുതി കഴിച്ചപ്പോൾ തന്നെ വർഷ അവശനിലയിൽ തളർന്നുറങ്ങി. ഇതറിയാതെ പുറത്ത് പോയി തിരിച്ചെത്തിയ സഹോദരി ദൃശ്യയും മകൻ അദ്വൈതും, ഇളയ മകനും ഐസ്ക്രീം കഴിച്ചു.

ഇതിന് പിന്നാലെ ഇവർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണവും കഴിച്ചു. രാത്രിയോടെ അദ്വൈദ് ചർദ്ദിക്കാൻ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നം ഒന്നും തോന്നാത്തിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛർദിക്ക് കാരണമെന്ന് വീട്ടുകാർ കരുതി.

തുടർന്ന് കടുത്ത ഛർദ്ദിയെ തുടർന്ന് നാലരവയസുകാരൻ അദ്വൈതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്വൈദിന്‍റെ മരണത്തിന് പിന്നാലെ ബാക്കി മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി വർഷയെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ ജീവനൊടുക്കാനായി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ചിരുന്നെന്ന് വർഷ പൊലീസിനോട് പറഞ്ഞു. സുഖം പ്രാപിച്ച വർഷയെയും രണ്ട് വയസുള്ള മകനും വീട്ടിൽ തിരിച്ചെത്തി. എന്നാൽ, നില ഗുരുതരമായിരുന്ന ദൃശ്യ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. വിഷം കലർത്തിയ വർഷക്കെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ദൃശ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

click me!