ഇരിങ്ങാലക്കുടയില്‍ മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്; 24 മണിക്കൂറിനിടെ അഞ്ച് പ്രതികളും അറസ്റ്റിൽ

By Web TeamFirst Published Jun 19, 2021, 10:07 PM IST
Highlights

മദ്യാപനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൂത്തുപാലയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ ശരത്ത് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരിൽ മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളും അറസ്റ്റിൽ. കാക്കത്തുരുത്തി സ്വദേശി ജിജീഷ് , കാട്ടൂർ സ്വദേശി കണ്ണംമ്പുള്ളി സജീവൻ, ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കുഴിക്കണ്ടത്തിൽ ഷെരീഫ്, എടതിരിഞ്ഞി സ്വദേശി ബിജു , ജവഹർ കോളനിയിൽ പയ്യപ്പിള്ളി സലീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്. 

മദ്യാപനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൂത്തുപാലയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ ശരത്ത് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. കേസിലെ രണ്ടാം പ്രതിയും നിരവധി കേസുകളിലെ പ്രതിയുമായ സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മിൽ വസ്തു ഇടപാടിനെ തുടർന്ന് സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്. ശരത്തിന്റെ വീടും സ്ഥലവും സജീവൻ കുറച്ചു നാൾ മുൻപ് വാങ്ങിയിരുന്നു. ഇതിൽ ചെറിയ തുക മാത്രമാണ് സജീവൻ നൽകിയിരുന്നത്.

പലവട്ടം പണം ആവശ്യപ്പെട്ടങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് സജീവൻ തിയതി നീട്ടിക്കൊണ്ടുപോയി. ശരത്ത് ഇടയ്ക്കിടെ പണം ചോദിക്കുന്നതിൽ സജീവന് നീരസമുണ്ടായിരുന്നു. ലോക്ക് ഡൗൺ ആയി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പണം തരാമെന്നു പറഞ്ഞ് ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തി. 

ഈ സമയം അവിടെ ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിച്ചിരിക്കുകയായിരുന്നു. ശരത്ത് എത്തിയതോടെ സംസാരത്തിനിടെ സജീവനുമായി തർക്കമുണ്ടാകുകയും ജിജീഷ് കത്തിയെടുത്ത് ശരത്തിനെ കുത്തുകയായിരുന്നു. തൃശൂലെ സ്വകാര്യ ആശുപത്രിയിലെത്തും മുൻപേ ശരത്ത് മരിച്ചു.
 

click me!