വയസ് 22, തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!

Published : Jul 29, 2022, 05:54 PM ISTUpdated : Jul 29, 2022, 05:55 PM IST
വയസ് 22,  തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!

Synopsis

തളിപ്പറമ്പിലെ ഒരു മാളിൽ മുറി വാടകയ്ക്കെടുക്കാൻ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരനായിരുന്നു നാല് വർഷം മുൻപ് അബിനാസ്. നിക്ഷേപ ബിസിനസ് തുടങ്ങിയതോടെ സഞ്ചാരം ആഢംബര വാഹനങ്ങളിലേക്ക് മാറ്റി

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ കേസെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഒടുവിൽ തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിന്‍റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്‍റെ വാഗ്ദാനം. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോൾ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്.

Read More : പി ബിജുവിന്‍റെ പേരില്‍ ഫണ്ട് തട്ടിപ്പെന്നത് കള്ളക്കഥ,ഒരു പരാതിയുമില്ലെന്ന് ഡിവൈഎഫ്ഐ സെക്രട്ടറി വികെ സനോജ്

തുടക്കം ക്രിപ്റ്റോ കറൻസിയിലൂടെ

തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടങ്ങിയത്. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു.  ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. അബിനാസിന് നേരിട്ട് പണം നൽകുന്ന വർക്ക് 50 ശതമാനം ലാഭം നൽകുമെന്നും വാഗ്ദാനം ചെയ്യാറുണ്ട്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13- ആമത്തെ ദിവസം 1,30,000രൂപ ലഭിക്കും. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് കൃത്യമായി മുതൽ മുടക്കും ലാഭവും നൽകിയിരുന്നു. ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി.  100 കോടിക്കടുത്ത് രൂപ നിക്ഷേപം  ലഭിച്ചതോടെയാണ് ഈ തിങ്കളാഴ്ച അബിനാസ് മുങ്ങിയത്. മുങ്ങിയ ദിവസവും ഒരാളിൽ നിന്ന് 40 ലക്ഷം രൂപ നിക്ഷേപമായി അബിനാസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകർക്ക് അബിനാസ് നൽകിയ മുദ്ര പേപ്പറുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും ഒരു ലക്ഷം മുതൽ ഒരു കോടി വരെ നിക്ഷേപിച്ചവർ ഉണ്ടെന്നാണ് മനസിലാക്കുന്നത്.

Read More : 'കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം'; ഒന്നാം പ്രതിയുടെ അച്ഛൻ

തട്ടിക്കൊണ്ട് പോവല്‍, കേസ്, അറസ്റ്റ്...

ഇതിനിടെ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ അബിനാസിന്റെ സഹായിയെന്ന് അറിയപ്പെടുന്ന സുഹൈറിനെ ചിലർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സുഹൈർ വഴി വലിയ തുക നിക്ഷേപിച്ചവർ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വെള്ളാരം പാറ ആയിഷാസിലെ മുഹമ്മദ് സുനീർ(28), മന്നയിലെ കായക്കൂൽ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീർ(31)  , സീതീസാഹിഹ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്തെ കൊമ്മച്ചി പുതിയ പുരയിൽ ഇബ്രാഹിംകൂട്ടി(35), തളിപ്പറമ്പ് സി എച്ച്‌ റോഡിലെ ചുള്ളിയോടൻ പുതിയപുരയിൽ സി വി ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ 23നാണ് ഇവർ സുഹൈറിനെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിൽ തടങ്കലിലിട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മാതാവ് ആത്തിക്ക തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന് സുഹൈർ മൊഴി നൽകിയത്.  അബിനാസ് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവിൽ പോയിട്ടും ഇയാൾ ഇൻസ്റ്റ ഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച് തരുമെന്നും പറയുന്ന വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.

നാല് വര്‍ഷം കൊണ്ട് മാറിയ ആർഭാട ജീവിതം

തളിപ്പറമ്പിലെ ഒരു മാളിൽ മുറി വാടകയ്ക്കെടുക്കാൻ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരനായിരുന്നു നാല് വർഷം മുൻപ് അബിനാസ്.  നിക്ഷേപ ബിസിനസ് തുടങ്ങിയതോടെ സഞ്ചാരം ആഢംബര വാഹനങ്ങളിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബൈക്കുകൾ  ഓഡി, ബെൻസ്, ഫോർട്ടൂണർ തുടങ്ങിയ കാറുകൾ എന്നിവയും അബിനാസിനുണ്ടായിരുന്നു. ഈ വാഹനങ്ങളിൽ ഇയാൾ മാറി മാറി സഞ്ചരിക്കുകയാണ് പതിവ്.  നിക്ഷേപ സമാഹരണ സ്ഥാപനം എന്ന പേരിലുള്ള ഓഫീസ് അത്യാധുനിക സംവിധാനമുള്ളതും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതുമാണ്. കൗണ്ടറുകളിൽ നിരവധി കമ്പ്യൂട്ടറുകളും ഓഫീസിൽ ജീവനക്കാരുമുണ്ട്. തിങ്കളാഴ്ച മുതൽ ഈ ഓഫീസ് തുറക്കാറില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം