
ദില്ലി: അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടി പൊലീസ്. ദ്വാരക പൊലീസും വിജിലന്‍സും നടത്തിയ പരിശോധനയിലാണ് വ്യാജ നെയ് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്. ഇവിടെ നിന്ന് വ്യാജ നെയ് നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.
പരിശോധന വിവരം അറിഞ്ഞതിന് പിന്നാലെ ഉടമ സുമിത് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ദ്വാരക പൊലീസ് അറിയിച്ചു. അമുല്‍, മദര്‍ ഡയറി, പതഞ്ജലി തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
പരിശോധനയ്ക്കായി ഫാക്ടറിയില്‍ എത്തിയപ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ദ്വാരക ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ഒഡീഷയില്‍ നിന്നും വ്യാജ നെയ്യ് നിര്‍മ്മാണ കേന്ദ്രം പൊലീസ് അടച്ചുപൂട്ടിയിരുന്നു.
പതഞ്ജലി കമ്പനിയുടെ പരസ്യങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പതഞ്ജലിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. പതഞ്ജലി ആയുര്‍വേദ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ രോഗങ്ങള്‍ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീംകോടതി എതിര്‍പ്പ് രേഖപ്പെടുത്തിയത്.
പതഞ്ജലിയോട് വഞ്ചനാപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും അനുസരിക്കാത്തതിന് കാര്യമായ പിഴ ചുമത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. പതഞ്ജലി ആയുര്‍വേദിന്റെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണം. അത്തരം ലംഘനങ്ങള്‍ കോടതി വളരെ ഗൗരവമായി കാണുകയും ഒരു പ്രത്യേക രോഗം ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നത് പരിഗണിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കിയിരുന്നു.
'അയനാസും പ്രവീണും തമ്മില്‍ അടുത്ത സൗഹൃദം, പത്തുതവണ വിദേശയാത്ര'; എന്നിട്ടും കൊന്നതെന്തിന്?