
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി. ചാത്തന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് കല്ലിയോട് സ്വദേശിയുമായ പ്രശാന്തിന് എതിരെയാണ് നെടുമങ്ങാട് പൊലീസിൽ പരാതി ലഭിച്ചത്. അയൽവാസിയായ ആദിത്യ രശ്മിയുടെ വീട്ടിൽ കയറിയാണ് പ്രശാന്ത് ആക്രമണം നടത്തിയത്.
മാർച്ച് 29 ന് ആദിത്യ രശ്മിയുടെ വീട്ടിൽ എത്തിയ പ്രശാന്തിന്റെ ഭാര്യ രാജലഷ്മിയെ വളർത്തു നായ അക്രമിച്ചിരുന്നു. ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാന്‍ പ്രശാന്തിന്റെ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്. നായയുടെ കടിയേറ്റു രാജലക്ഷ്മിയുടെ രണ്ട് കൈകളിലും പരിക്ക് പറ്റി. സംഭവം നടന്ന് ഒരു മാസത്തോളം ആകാറായപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥൻ നായയെ അടിച്ച് കൊന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് ഉച്ചയ്ക്ക് 2.45-നാണ് സംഭവം. ആദിത്യ രശ്മിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രശാന്ത് സിറ്റൗട്ടിൽ ഉറങ്ങി കിടന്ന വളർത്തു നായ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് വീടിന്‍റെ വാതിലിൽ ചവിട്ടിയ പ്രശാന്ത് വീട്ടുടമസ്ഥയായ ആദിത്യ ലക്ഷ്മിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നായയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആദിത്യ ലക്ഷ്മിയെ പ്രശാന്ത് പിടിച്ച് തള്ളിയതായും പരാതിയിലുണ്ട്. നിലത്ത് വീണ ആദിത്യ രശ്മിയുടെ പല്ലിന് പൊട്ടലുണ്ട്. നെടുമങ്ങാട് കല്ലിയോട് സ്വദേശിയാണ് പ്രശാന്ത് എക്‌സൈസ് വകുപ്പില്‍ പ്രൊബേഷന്‍ പീരിയഡിലാണ്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവ ശേഷം പ്രശാന്ത് ഒളിവിൽ പോയതായാണ് വിവരം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam