
തൃശൂര്‍: തൃശൂർ പാഞ്ഞാളിൽ വിരമിച്ച അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. പാവറട്ടി ഏളവള്ളി സ്വദേശി ബാലൻ ആണ് പിടിയിലായത്. ആഭരണങ്ങൾ മോഷ്ടിക്കാനാണ് ഇയാൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 28 നാണ് പാഞ്ഞാൾ കാട്ടിലക്കാവിനു സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പിൽ ശോഭനയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
സമീപവാസികളുമായി അധ്യാപിക അകന്നുകഴിയുന്നതിനാൽ മരണ വിവരം അറിയാൻ വൈകി. ആഭരണങ്ങൾ കളവു പോയത് കാരണം മോഷണത്തിനായുള്ള കൊലപാതകമെന്ന് പൊലീസ് നേരത്തെ വിലയിരുത്തിയിരുന്നു. ശോഭനയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയുമായി മാസങ്ങളായുള്ള പരിചയത്തെ തുടർന്നാണ് ഇയാൾ വീട്ടിൽ എത്തിയത്.
അദ്ധ്യാപിക തനിച്ചാണ് താമസം എന്ന് മനസിലാക്കിയ പ്രതി അമ്മിക്കൽ ഉപയോഗിച് തലയ്ക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ തേടി ആന്ധ്രയിലും, ഛത്തീസ്ഗഡിലുമെത്തി. ഈ വിവരമറിഞ്ഞ പ്രതി കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ പ്രതിയെ പിടികൂടി ബാഗ് പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട അധ്യാപികയുടെ ആഭരണങ്ങൾ കണ്ടെത്തി. ഭാര്യയും, മക്കളുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ബാലൻ. സുഖവാസകേന്ദ്രങ്ങളും, ലോഡ്ജുകളിലുമാണ് ഇയാളുടെ ജീവിതമെന്നും പൊലീസ് പറഞ്ഞു. കേസിൽ നാളെ തെളിവെടുപ്പ് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam