
തൊടുപുഴ : തൊടുപുഴയിലെ 15കാരിയെ, അതിഥി തൊഴിലാളി പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവർക്ക് ബംഗാളിലേക്ക് പോകാൻ സഹായം നൽകിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. അതിസാഹസികമായ ദൗത്യത്തിനൊടുവിൽ ബംഗാളിലെത്തി പെൺകുട്ടിയെ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി സുഹൈൽ ഷേഖിനെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞിരുന്നു.
ഈ മാസം 22നായിരുന്നു തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയെ സുഹൈൽ ഷേയ്ഖ് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയത്. തൊടുപുഴയിൽനിന്ന് ബസിൽ ആലുവയിലെത്തി അവിടെനിന്ന് ട്രെയിനിൽ കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു. തൊടുപുഴയിൽ നിന്ന് പെൺകുട്ടിയുമായി നാടുവിടാൻ സുഹൈലിന്‍റെ സുഹൃത്തുക്കളായ അതിഥി തൊഴിലാളികൾ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അറസ്റ്റിലായ സുഹൈൽ ഷേഖ് ഇതെക്കുറിച്ച് യാതൊന്നും തുറന്ന് പറഞ്ഞിട്ടില്ല. സുഹൈലിന്‍റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പൊലീസ് കരുതുന്നു.
ബംഗാളിലെത്തി നടത്തിയ മൂന്ന് ദിവസത്തെ തീവ്ര ശ്രമത്തിനൊടുവിലായിരുന്നു പെൺകുട്ടിയെ തൊടുപുഴ പൊലീസിന് കണ്ടെത്താനായത്. പെൺകുട്ടിയെ കാണാതായി പിറ്റേന്ന് തന്നെ പൊലീസും 15കാരിയുടെ രക്ഷിതാവും കൊൽത്തക്കയേലിക്ക് വിമാനം കയറുകയായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ ഇവരുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി. പെൺകുട്ടിയെ കണ്ടെടുത്തു. സുഹൈൽ ഷേഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു സുഹൈലിന്‍റെ ഉദ്ദേശ്യമെന്ന് സൂചനയുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൈൽ ഇത് നിഷേധിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തൊടുപുഴയിലെത്തിച്ച പ്രതി റിമാൻഡിലാണ്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പവും വിട്ടു. ബംഗാളിൽ ഭാര്യയും മക്കളുമുണ്ട് സുഹൈൽ ഷേഖിന്.
Read More : മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴ, എട്ട് ജില്ലകളിൽ മഴ സാധ്യത ശക്തം, 4 ഇടത്ത് ഓറഞ്ച് അലർട്ട് തുടരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam