പൊള്ളാച്ചി പീ‍ഡനം; നിർഭയ സംഭവത്തോളം ഗൗരവമേറിയതെന്ന് മദ്രാസ് ഹൈക്കോടതി, അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപിച്ച് പൊലീസ്

By Web TeamFirst Published Mar 14, 2019, 8:42 AM IST
Highlights

വെറുതെ വിടണമെന്ന് പ്രതികളോട്  അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനതകളില്ലാത്ത പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. 

ചെന്നൈ: വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേര്‍ ഉള്ളതായി പൊലീസ് കണ്ടെത്തൽ. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാനായി സിബിസിഐഡി സ്ക്വാഡ് ബംഗ്ലൂരുവിലേക്ക് തിരിച്ചു. പൊള്ളാച്ചി കേസ് ദില്ലിയിലെ നിർഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതി പരാമർശിച്ചു.

കേസിൽ അറസ്റ്റിലായ തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾക്കെതിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാആക്ടും ചുമത്തി.  
 
വെറുതെ വിടണമെന്ന് പ്രതികളോട്  അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനതകളില്ലാത്ത പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് കൂടിയാലോചനകളിലാണ് സര്‍ക്കാര്‍. 

പരാതി നല്‍കിയ പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തിരുന്നു. ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട്  വിട്ടയച്ചു. പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തമിഴ്നാട് അഭിഭാഷക സംഘടന വ്യക്തമാക്കി. പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും അഭിഭാഷക സംഘടന അറിയിച്ചു. 
 

click me!